തിരുവനന്തപുരം– സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മിൽക്ക് ബാങ്കുകളിൽ നിന്ന് ഇതുവരെ മുലപ്പാൽ സ്വീകരിച്ചത് പതിനേഴായിരത്തോളം കുഞ്ഞുങ്ങൾ. കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചത്.
മൂന്ന് മിൽക്ക് ബാങ്കുകളിൽ നിന്നായി 17,307 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുകയും 4,673 അമ്മമാർ മുലപ്പാൽ ദാനം ചെയ്യുകയും ചെയ്തു. പദ്ധതി വൻ വിജയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഇതോടെ സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിൽ മുലപ്പാൽ ബാങ്ക് സജ്ജമാക്കും. ഇത് ഒരുപാട് കുഞ്ഞുങ്ങൾക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്നതാണ് മിൽക്ക് ബാങ്ക് പദ്ധതി. ബാക്ടീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്ന് ഉറപ്പാക്കിയാണ് പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നത്.
ഇത് ഫ്രീസറിനുള്ളിൽ മാസങ്ങളോളം സൂക്ഷിക്കാനും കഴിയും. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാൽ കുടിക്കാൻ പറ്റാത്ത സാഹചര്യമുള്ള അമ്മമാർക്ക് മിൽക്ക് ബാങ്കിൽ മുലപ്പാൽ ദാനം ചെയ്യാം. അമ്മമാരുടെ പകർച്ചവ്യാധി, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, വെന്റിലേറ്ററിലുള്ള അമ്മമാർ എന്നീ കാരണങ്ങളാൽ കുഞ്ഞിനെ മുലയൂട്ടാൻ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികൾക്ക് മുലപ്പാൽ ഉറപ്പാക്കുകയാണ് മിൽക്ക് ബാങ്ക്.