മഹാമുനിയായ ചലച്ചിത്രകാരനായിരുന്നു മലയാളത്തിന്റെ മഹാചലച്ചിത്രകാരന്‍ ജി. അരവിന്ദന്‍. താടിയുഴിഞ്ഞ് മൗനത്തിന്റെ മഹാസമുദ്രത്തിലേക്ക് വീഴുന്ന പ്രതിഭാശാലി. താടിയില്ലാത്ത ഷാജിയെ അദ്ദേഹത്തിന് കൂട്ടിനു കിട്ടിയതോടെ സ്വതവേ മൗനിയായ ഷാജി കൂടുതല്‍ മൗനിയായി. പക്ഷേ ഈ രണ്ടു മഹാമൗനങ്ങളുടേയും അസാധാരണമായ കോമ്പോയില്‍ നിന്ന് പല സിനിമകളും പിറവിയെടുത്തു. പ്രകൃതിയുടേയും മനുഷ്യരുടേയും സങ്കടങ്ങള്‍ ക്യാമറയിലാക്കിയ ഛായാഗ്രാഹകനില്‍നിന്ന് വിശ്വപ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരത്തിന്റെ സുവര്‍ണകിരീടമണിഞ്ഞ സംവിധായകനായി വരെ ഉയര്‍ന്ന ഐതിഹാസികമായ സര്‍ഗയാത്രയാണ് ഷാജി എന്‍. കരുണ്‍ നടത്തിയത്. അര്‍ബുദത്തോട് പൊരുതി ഇന്ന് ജീവിതത്തില്‍ നിന്ന് വിട വാങ്ങിയ ഷാജിയുടെ ക്ലാസിക്കുകള്‍ എന്നെന്നും ആ ഓര്‍മ്മ നിലനിര്‍ത്തും.
ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗിലെ ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററിന്റെ ലോബിയില്‍ മുപ്പത് വര്‍ഷം മുമ്പാണ് ഷാജിയെ ഞാന്‍ കാണുന്നത്. മനോരമ ലേഖകന്‍ ഡി. വിജയമോഹനും ഫോട്ടോഗ്രാഫര്‍ പി. മുസ്തഫയുമാണ് ഷാജിയെ എനിക്ക് പരിചയപ്പെടുത്തുന്നത്. കൊല്ലത്തുകാരനായ ഷാജി, ചെര്‍പ്പുളശ്ശേരി നെല്ലായ വാരിയത്തെ ദേവകി വാര്യരുടേയും ഡോ. പി.കെ.ആര്‍ വാര്യരുടേയും മകള്‍ അനസൂയയുടെ ഭര്‍ത്താവാണെന്ന് പി.കെ.ആര്‍ വാര്യരുടെ സഹോദരനും ഞങ്ങളുടെ കുടുംബസുഹൃത്തുമായ ചന്ദ്രേട്ടനില്‍ നിന്ന് (ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ക്യാപ്റ്റന്‍ രാമചന്ദ്രന്‍) എനിക്ക് നേരത്തെ അറിയാമായിരുന്നു.
ഇക്കാര്യം കൂടി പറഞ്ഞതോടെ ഷാജി കൂടുതല്‍ അടുപ്പം കാണിച്ചു. പക്ഷേ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി രണ്ടോ മൂന്നോ വാക്കിലൊതുങ്ങി. ബാക്കി ഭാഗമത്രയും മൗനം. മീശ തടവി അദ്ദേഹം ചെറുതായി ചിരിച്ചു. പട്ടാമ്പി നിയോജകമണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ഷാജിയുടെ ഭാര്യാമാതാവ് ദേവകീവാര്യര്‍ മല്‍സരിച്ചതും സി.പി.ഐ നേതാവ് ഇ.പി ഗോപാലനോട് പരാജയപ്പെട്ടതും ആ വാര്‍ത്ത ഞാനെഴുതിയത് പറഞ്ഞപ്പോഴും ഷാജി മീശ തടവി ചെറുതായി ചിരിച്ചു.
ഡല്‍ഹിയില്‍ നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ഒരു ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. സൂര്യന്‍ കത്തി നില്‍ക്കുന്ന അന്നരം ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററിലേക്ക് നടന്നു വന്ന ഇന്ത്യയുടെ മഹാനടന്‍ നസീറുദ്ദീന്‍ ഷായെയും ഞങ്ങള്‍ കണ്ടു. ഞങ്ങളോട് യാത്ര പറഞ്ഞ് ഷാജി, നസീറുദ്ദീന്‍ ഷായുടെ പിറകെ ലിഫ്റ്റിലേക്ക് കയറി.

അടിയന്തരാവസ്ഥയില്‍ പോലീസ് മര്‍ദ്ദനമേറ്റു മരിച്ച ആര്‍.ഇ.സി വിദ്യാര്‍ഥി രാജനെ കാത്തിരിക്കുന്ന പിതാവ് ഈച്ചരവാര്യരുടെ സങ്കടം സിനിമയാക്കിയ ഷാജിയുടെ ‘പറവി’ഫ്‌ളെന്റേഴ്‌സന്‍ (ബെല്‍ജിയം) ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷാജിക്ക് വേണ്ടി കലാകൗമുദി എഡിറ്ററും ആ സിനിമയുടെ നിര്‍മാതാവുമായ എസ്. ജയചന്ദ്രന്‍നായര്‍ എന്നോട് ചോദിച്ചു: ബെല്‍ജിയത്തില്‍ വല്ല കോണ്‍ടാക്ടുമുണ്ടോ? ഷാജി അങ്ങോട്ട് പോവുകയാണെന്നു പറഞ്ഞു. അന്ന് ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സിലുണ്ടായിരുന്ന സുഹൃത്ത് രഞ്ജിത്തിന്റെ നമ്പര്‍ ഞാനയച്ചുകൊടുത്തു. പിന്നീട് അത് വലിയ സഹായമായി എന്ന് ഷാജി പറഞ്ഞതായി ജയചന്ദ്രന്‍ നായര്‍ പറഞ്ഞു. പിറവിയുടെ ഷൂട്ടിംഗിനിടെ സ്റ്റില്ലുകളെടുക്കാന്‍ കുറച്ച് ഹൈസ്പീഡ് ഫിലിം റോളുകളും ജയചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ തിരുവനന്തപുരത്തെത്തിച്ചിരുന്നത് ഷാജി നന്ദിയോടെ ഓര്‍ത്തിരുന്നതായി കലാകൗമുദി എഡിറ്ററും സിനിമാ പ്രവര്‍ത്തകനുമായ കള്ളിക്കാട് രാമചന്ദ്രന്‍ പറഞ്ഞറിഞ്ഞു.
നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്ന ഹതാശനായ ഒരു പിതാവിന്റെ ആര്‍ത്തലച്ചെത്തുന്ന മഹാദു:ഖത്തെ മഴയുടെ മോട്ടീഫ് ഉപയോഗിച്ചാണ് മികച്ച ക്യാമറാമാന്‍ കൂടിയായ സംവിധായകന്‍ ഷാജി ചിത്രീകരിച്ചത്. സങ്കടങ്ങളുടെ നനവ് അനശ്വരനടന്‍ പ്രേംജി, ഈച്ചരവാര്യര്‍ എന്ന പിതാവിന്റെ ആകുലത ആവാഹിച്ച് അതിമനോഹരമായി ആവിഷ്‌കരിച്ചു. രാഷ്ട്രീയമായ കാരണങ്ങളാല്‍ സംസ്ഥാന ഗവണ്‍മെന്റ് പുരസ്‌കാരസമിതി ‘പിറവി’എന്ന ചലച്ചിത്രകാവ്യത്തെ തഴഞ്ഞപ്പോള്‍ അതേ വര്‍ഷം ദേശീയ പുരസ്‌കാരം ഷാജിയേയും പിറവിയേയും തേടിയെത്തി. തൊട്ടുപിറകെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ക്യാമറാ ഡി ഓര്‍’ അവാര്‍ഡ് കൂടി ഷാജിയെത്തേടിയെത്തിയത് കാലത്തിന്റെ കാവ്യനീതിയായി.
സ്വഹം (സ്വം) ഷാജിയുടെ മറ്റൊരു മാസ്റ്റര്‍പീസായി. പട്ടാളക്കാരന്റെ വിധവയുടേയും രണ്ടു മക്കളുടേയും ദാരിദ്ര്യവും ജീവിത സമരവുമാണ് സ്വം. ഈ സിനിമയില്‍ അകാലവൈധവ്യത്തിന്റെ പ്രകൃതിദത്ത നിറമായ മഴയുടെ നരച്ച വര്‍ണങ്ങളുടെ മോട്ടീഫാണ് ഷാജി പരീക്ഷിച്ചു വിജയിച്ചത്. മോഹന്‍ലാല്‍ കഥകളിയരങ്ങില്‍ ജ്വലിച്ചുനിന്ന വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് തുടങ്ങിയ സിനിമകളുടെ ശ്രദ്ധേയവും വ്യതിരിക്തവുമായ അവതരണം ഷാജിയുടെ പ്രതിഭയുടെ അഭ്രത്തിളക്കങ്ങളായി മാറി. രണ്ടു വര്‍ഷം മുമ്പ് ജെ. സി ഡാനിയല്‍ പുരസ്‌കാരവും ഷാജിയെത്തേടിയെത്തി.
അമ്പത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഏഴു പടങ്ങളാണ് ഷാജിയുടെ ക്രെഡിറ്റിലുള്ളത്. പക്ഷേ ആ ഏഴു ചിത്രങ്ങളും ഇന്ത്യന്‍ സിനിമയില്‍ ഉന്നതമായ ഇരിപ്പിടങ്ങളില്‍, കലാപരമായ ആത്മാഭിമാനത്തിന്റെ ആരൂഢമായി സ്ഥാനമുറപ്പിക്കുകയും ചരിത്രത്തില്‍ ഊര്‍ജസ്വലമായി അടയാളപ്പെടുത്തുകയും ചെയ്തുവെന്നതാണ് ഷാജി എന്‍. കരുണിന്റെ സമ്പന്നമായ സര്‍ഗജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ്. മൗനം കൊണ്ട് വെല്ലുവിളിയുടെ സമുദ്രം മുറിച്ചുനീന്തിയ നിശ്ശബ്ദകലാകാരന്‍ വിട വാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളുടെ നൂതനമായ വ്യാകരണം പുതുതലമുറയിലെ ചലച്ചിത്രവിദ്യാര്‍ഥികള്‍ക്ക് തീര്‍ച്ചയായും പാഠപുസ്തകങ്ങളാണ്.
സിനിമയുടെ സംഘാടനത്തിലും സിനിമാപ്രവര്‍ത്തകരുടെ ഏകോപനത്തിലും ഷാജി തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയര്‍മാന്‍, ഐ.എഫ്.എഫ്.കെ നിര്‍വാഹക സമിതിയംഗം, സംസഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, പുരോഗമന കലാസാഹിത്യസംഘം സാരഥി എന്നീ നിലകളിലെല്ലാം ഷാജി തന്റേതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചു.