ഇക്കഴിഞ്ഞ 30ന് അന്തരിച്ച കെ.എൻ.എം നേതാവ് എം.എം മദനിയെ എഴുത്തുകാരൻ ഹാറൂൺ കക്കാട് അനുസ്മരിക്കുന്നു.
മതത്തെ വിവാദങ്ങളിൽ തളച്ചിടാൻ ഒരിക്കലും താൽപര്യമില്ലാത്ത പണ്ഡിതനായിരുന്നു 2025 ജനുവരി 30ന് നിര്യാതനായ എം മുഹമ്മദ് മദനി. അഭിപ്രായ വ്യത്യാസങ്ങളെ പർവതീകരിക്കുന്ന സാമുദായിക സമ്പ്രദായങ്ങളോടും രീതികളോടും അദ്ദേഹം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. മാനവികമൂല്യങ്ങൾക്കും മാനുഷിക പരിഗണനകൾക്കും അദ്ദേഹം വിലകൽപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതയാത്രയിലുടനീളം സൗഹൃദം നിലനിർത്താനുള്ള ഉൽക്കടമായ ത്വര നിറഞ്ഞുനിന്നിരുന്നു. ചിന്താ സപര്യയുടെ നിറവിൽ ശാന്തനായ ഒരു പരിഷ്കർത്താവിന്റെ ഭാഗധേയമാണ് അദ്ദേഹം നിർവഹിച്ചത്. മതം, സാഹിത്യം, ശാസ്ത്രം, സമകാല പ്രശ്നങ്ങൾ തുടങ്ങി എല്ലാ മേഖലകളേയും സ്പർശിക്കുന്ന വിപുലമായ പാണ്ഡിത്യം ഉണ്ടായിരുന്നു മദനിക്ക്.
അളന്നു മുറിച്ച് സ്ഫുടം ചെയ്തെടുത്ത വിജ്ഞാനീയങ്ങളും ജീവിത വിശുദ്ധിയും ആയിരുന്നു മദനിയുടെ മുഖമുദ്ര. ചിന്തകൻ, പ്രഭാഷകൻ, അധ്യാപകൻ, പരിഷ്കർത്താവ് തുടങ്ങി വ്യത്യസ്ത പ്രതലങ്ങളിൽ ആത്മാർത്ഥതയോടെ മുഹമ്മദ് മദനി കർമനിരതനായി.
മെലിഞ്ഞ് ശുഷ്കിച്ച ആ ശരീരത്തിലെ പെരുമാറ്റരീതികൾക്ക് എന്നും എപ്പോഴും നൈർമല്യതയുടെ വശ്യതയായിരുന്നു. നാട്യങ്ങളും ജാടകളുമില്ലാത്ത ഒരു സാധു മനുഷ്യൻ. വിനയം കിനിഞ്ഞിറങ്ങുന്ന മുഖത്ത് നിറയെ ജിജ്ഞാസയും വാത്സല്യവുമായി എല്ലാവരെയും അദ്ദേഹം അഭിമുഖീകരിച്ചു.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ മണ്ഡലത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിൻ്റെ വിവിധ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികാലത്ത് തന്നെ പ്രവർത്തിക്കാൻ ഈ ലേഖകന് അവസരമുണ്ടായിരുന്നു. അതിനാൽ മിക്ക സംഘടനാവേദികളിലും മദനിയുടെ ആകർഷകമായ പ്രഭാഷണങ്ങളും നിർദ്ദേശങ്ങളും നേരിട്ടുകേൾക്കാനും അറിയാനും കുറേയേറെ അവസരങ്ങൾ ലഭിച്ചിരുന്നു. സ്ഫുടം ചെയ്തെടുത്ത വാക്കുകൾ അർത്ഥഗർഭമായ വാചകങ്ങളിലൂടെ മദനി മൊഴിയുമ്പോൾ വല്ലാത്ത വശ്യതയായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ശൈലിയായിരുന്നു മദനിയുടെ സംസാരങ്ങൾക്ക്.
1989ൽ ഞാൻ സുല്ലമുസ്സലാം അറബിക് കോളേജിൽ വിദ്യാർത്ഥിയായി എത്തുമ്പോഴേക്കും മുഹമ്മദ് മദനി അവിടെ നിന്ന് പുതിയ തട്ടകമായ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജിന്റെ പ്രിൻസിപ്പലായി നിയമിതനായിരുന്നു. എങ്കിലും സുല്ലമുസ്സലാം പ്രിൻസിപ്പൽ കെ കെ മുഹമ്മദ് സുല്ലമിയുടെയും എം മുഹമ്മദ് മദനിയുടെയും കൂട്ടുകെട്ടിൽ വളർന്നു പന്തലിച്ച കോളേജിന്റെ ഗരിമയും പ്രശസ്തിയും ആ കാമ്പസിൽ എന്നും വിദ്യാർത്ഥികൾക്കിടയിൽ ചർച്ചയായിരുന്നു.
വിനയവും ലാളിത്യവും നിറഞ്ഞുനിന്ന ജീവിതം
1991ൽ ഞാൻ ശബാബിൽ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് മുഹമ്മദ് മദനിയുമായി ബന്ധപ്പെടാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. കോഴിക്കോട് റെയിൽവേസ്റ്റേഷൻ റോഡിലെ സംഗീത് ലോഡ്ജിൽ പ്രവർത്തിച്ചിരുന്ന ഓഫീസിലെ ജോലി കഴിഞ്ഞ് വൈകീട്ട് പാളയം ബസ് സ്റ്റാൻഡിൽ ഞാൻ എത്തുന്ന നേരങ്ങളിൽ മിക്ക ദിവസവും മദനിയും അവിടെ എത്തിയിരിക്കും. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്ന് ജോലികഴിഞ്ഞ് മടങ്ങിവരികയായിരിക്കും അദ്ദേഹം. ഞങ്ങൾ രണ്ടുപേർക്കും മുക്കം കാരശ്ശേരി കൊടിയത്തൂർ ചെറുവാടി റൂട്ടിലോടുന്ന ബസ്സുകളിൽ ആയിരുന്നു അന്ന് യാത്ര ചെയ്യേണ്ടിയിരുന്നത്. അതിനാൽ മിക്കദിവസങ്ങളിലും പാളയത്ത് ഞങ്ങൾ സംഗമിക്കുക പതിവായിരുന്നു. നേരത്തെ എത്തിയാൽ അദ്ദേഹത്തിന്റെ വക ഒരു ചായയും കടിയും നിർബന്ധമാണ്.
ബസ് ചാർജ് യാതൊരു കാരണവശാലും കൊടുക്കാൻ അദ്ദേഹം അനുവദിക്കില്ല. അത് സ്വന്തം മകൻ എന്ന പോലെ അദ്ദേഹത്തിന് മാത്രമേ എടുക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ ഞാൻ രണ്ടുപേരുടെയും ബസ് ചാർജ് നൽകാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഇത്തിരി കാർക്കശ്യത്തോടെ ഇടപെട്ടു. ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കരുത് എന്ന് എന്നോട് ശാസിച്ചു. അങ്ങനെയായിരുന്നു മദനി എന്ന ഉദാരമനസ്കൻ. സമ്പാദ്യങ്ങൾ മിക്കപ്പോഴും ജീവിതത്തിൽ മറ്റൊരാൾക്കു വേണ്ടി ചെലവഴിക്കാനാണ് അദ്ദേഹം ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത്.
മിക്ക ദിവസങ്ങളിലും ഒരേ സീറ്റിൽ തൊട്ടടുത്തിരുന്നായിരുന്നു ഞങ്ങളുടെ ബസ് യാത്ര. ഏകദേശം ഒരു മണിക്കൂറിലേറെ സമയമുണ്ട് അക്കാലത്ത് ഞങ്ങൾക്കുളള യാത്രാ ദൈർഘ്യം. വീട്, കുടുംബം, നാട്, സംഘടന, വായന, എഴുത്ത് തുടങ്ങി എല്ലാ കാര്യങ്ങളും ഒന്നൊഴിയാതെ മദനി കൃത്യമായി ചോദിച്ചറിയും. ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന പുതിയ പുസ്തകങ്ങളെ കുറിച്ച് അന്വേഷിക്കും. അദ്ദേഹത്തിന്റെ വായനയിൽ ഉളള കൃതികളെ പറ്റി അനുഭവങ്ങൾ പങ്കുവെക്കും. ഞാൻ എഴുതുന്ന ലേഖനങ്ങളെക്കുറിച്ച് തുറന്ന അഭിപ്രായം പറയും. ശബാബിലും പുടവയിലും എല്ലാം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകും. അങ്ങനെ ഞാൻ കക്കാട് ബസ്റ്റോപ്പിൽ ഇറങ്ങുന്നത് വരെ അദ്ദേഹം ഒട്ടും മുഷിപ്പില്പാതെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചുകഴിഞ്ഞിരിക്കും. ഇങ്ങനെ സ്നേഹത്തിൽ വീർപ്പുമുട്ടിക്കുന്ന ഒരു പണ്ഡിതൻ എന്റെ അനുഭവത്തിൽ വേറെ ഇല്ല.
മദനിയുടെ നാടായ കൊടിയത്തൂരിലെ മങ്ങണ്ടത്തിൽ വീടിന്റെ അടുത്താണ് എന്റെ മാതാവ് ആയിഷക്കുട്ടിയുടെ ചാൽതൊടിക തറവാട്. ഉമ്മയുടെ കുടുംബവും മദനിയുടെ വീടുകാരും വളരെ അടുത്ത സ്നേഹബന്ധത്തിലായിരുന്നു സഹവസിച്ചിരുന്നത്. ആ ഒരു ബന്ധത്തിന്റെ ദൃഢതയും എന്നോട് മദനിക്കുള്ള സ്നേഹത്തിന്റെ മാറ്റ് കൂട്ടിയിരുന്നു.
വെളിച്ചത്തിലേക്ക് ആവേശത്തോടെ നടന്നടുത്ത മനുഷ്യൻ
എം മുഹമ്മദ് മദനി ഒരുപാട് കാരണങ്ങൾ കൊണ്ട് സാധാരണക്കാർക്ക് പ്രിയങ്കരനായ പണ്ഡിതനായിരുന്നു. അത്രമേൽ സവിശേഷതകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് ഉണ്ടായിരുന്നു. കേരളത്തിൽ ആഴത്തിൽ വേരോടിയിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്ന ഒരു കുടുംബ പരിസരത്തിലായിരുന്നു മദനിയുടെ ബാല്യകാല ജീവിതം. പ്രദേശത്തെയും പരിസരങ്ങളിലെയും വിവിധ പള്ളിദർസുകളിൽ പഠിച്ച് യാഥാസ്ഥിതിക ചുറ്റുപാടുകൾക്ക് അനുരൂപമായിത്തന്നെയാണ് സ്വാഭാവികമായും അദ്ദേഹവും വളർന്നത്. എന്നാൽ പിൽക്കാലത്ത് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളെജിൽ വിദ്യാർഥിയായി ചേരാൻ ഇടവന്നത് മുഹമ്മദ് മദനിയുടെ ജീവിതത്തിലെ വഴിത്തിരിവും അനർഘനിമിഷവുമായി തീർന്നു.
കേരളത്തിലെ ഉജ്വല സാമൂഹിക പരിഷ്കർത്താവായിരുന്ന എം സി സി അബ്ദുറഹ്‌മാൻ മൗലവി പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് മുഹമ്മദ് മദനി അവിടെ വിദ്യാർത്ഥിയായി ചേർന്നത്. മദനിയുടെ പിതൃസഹോദരൻ എം. ആലിക്കുട്ടി മൗലവി, കെ. സി. അലവി മൗലവി, പി. പി. അബ്ദുൽഗഫൂർ മൗലവി തുടങ്ങിയവരുടെ ശിഷ്യത്വം മദനിയിൽ അത്ഭുതകരമായ ആന്തോളനങ്ങൾ സൃഷ്ടിച്ചു. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ഇസ്ലാഹി സംരംഭങ്ങളുടെയും കർമ ഭൂമികയുടെ മുൻനിരയിലേക്ക് കുതിച്ചുയരാൻ പിന്നീട് മദനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
യുവനിരയിലെ പ്രശോഭിത മുഖം
കേരള നദ് വത്തുൽ മുജാഹിദിന്റെ യുവജന ഘടകമായി 1967-ൽ ഐ എസ് എം രൂപീകൃതമായതോടെ മുഹമ്മദ് മദനിക്കും സഹപ്രവർത്തകർക്കും ഒരു നിലക്കും വിശ്രമം ഇല്ലാത്ത രാപ്പകലുകൾ ആയിരുന്നു വന്നുചേർന്നത്.
കെ എസ് കെ തങ്ങൾ, ടി കെ മുഹ്‌യുദ്ദീൻ ഉമരി, പി.കെ. അലി അബ്ദുർറസാഖ് മദനി, കെ കെ മുഹമ്മദ് സുല്ലമി, ടി.പി. അബ്ദുല്ലക്കോയ മദനി, കെ.വി. മൂസ സുല്ലമി, ഡോ. കുഞ്ഞഹ്‌മദ്കുട്ടി തുടങ്ങി പ്രതിഭാധനരായ ഒരു കൂട്ടം യുവാക്കളുടെ ഓജസാർന്ന പ്രവർത്തനങ്ങൾ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വഴിമാറുന്ന നിരവധി മനോഹരമായ കാഴ്ചകൾക്ക് കേരളം സാക്ഷിയായി.
പ്രഭാഷണങ്ങൾക്ക് വമ്പിച്ച മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് തെളിയിക്കപ്പെട്ട നാളുകളായിരുന്നു പിന്നീട് പിറന്നത്.
സാധാരണക്കാരന് വളരെ ലളിതമായി വിശുദ്ധ ഖുർആനിൻ്റെ സാരംശം ഉൾക്കൊള്ളാൻ കഴിയുന്ന പ്രഭാഷണങ്ങൾ ആയിരുന്നു മദനിയുടെ സവിശേഷത. കേരളത്തിൽ അങ്ങോളമിങ്ങോളം ഇസ്‌ലാഹീ പ്രഭാഷണ വേദികളിൽ മദനിയുടെ വാഗ്ധോരണികൾക്കായി സത്യാന്വേഷികൾ കാതോർത്തു. സാധാരണക്കാരുടെ ശൈലിയിലും ഭാഷയിലും മദനി കേൾവിക്കാരെ കൈയിലെടുത്തു .
മദനിയുടെ പ്രസംഗങ്ങൾ മുടക്കാൻ വേണ്ടി രോഷാകുലരായി വന്ന എത്രയോ പേർ ശാന്തഗംഭീരമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ അലിഞ്ഞു ചേർന്ന് നന്മകളുടെ വാഹകരായി. അത്രമേൽ അത്യാകർഷകമായിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങൾ.
മൗലികമായ ആശയങ്ങൾ നിറച്ച വാക്കുകൾ കൊണ്ട് അദ്ദേഹം അമ്മാനമാടുന്നത് ഇമ വെട്ടാതെയാണ് ഓരോ ശ്രോതാവും കേൾക്കാറുള്ളത്. മരണാനന്തര ജീവിതത്തെ കുറിച്ച് ഇവ്വിധം മനസ്സിലേക്ക് ആഴ്ന്നിറങ്ങി വിഷയം അവതരിപ്പിക്കുന്ന പ്രഭാഷകൻ എന്ന നിലയിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങളിലും പഠനക്യാമ്പുകളിലും വിവിധ ക്ലാസുകളിലും മദനി വിശ്രമമില്ലാതെ ഓടിനടന്നു. അങ്ങനെ നവോത്ഥാന കേരളത്തിൽ ഉജ്ജ്വലമായ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആത്മമിത്രങ്ങളായ മുഹമ്മദ് മദനി, കെ കെ മുഹമ്മദ് സുല്ലമി ടീമിന് സാധിച്ചു.
ദീർഘകാലം മുജാഹിദ് പ്രസ്ഥാനത്തിൻറെ നേതൃനിരയിൽ സേവനമനുഷ്ഠിച്ച എം മുഹമ്മദ് മദനി കർമനൈരന്തര്യത്തിന്റെ ശ്രദ്ധേയമായ അധ്യായങ്ങൾ രചിച്ചു. വിശ്രമമെന്തെന്നറിയാതെ അവസാന കാലം വരെ സാമുദായിക സേവന പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു.
ഐ എസ് എം പ്രസിഡന്റ് , കെ ജെ യു സെക്രട്ടറി, പ്രസിഡൻ്റ്, കെ എൻ എം ജനറൽ സെക്രട്ടറി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ തുടങ്ങി വിവിധ പദവികളിൽ ആറ് പതിറ്റാണ്ടിലേറെ കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിറഞ്ഞുനിന്ന സാരഥിയായിരുന്നു മുഹമ്മദ് മദനി.
പുതിയ പണ്ഡിതന്മാരെ ഉയർത്തിക്കൊണ്ടുവരാൻ പ്രത്യേകം നിഷ്കർഷ പുലർത്തുന്ന പ്രകൃതമായിരുന്നു എം മുഹമ്മദ് മദനി സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ച് പതിയെ ആ വഴിയിലൂടെ സഞ്ചരിച്ച് പിൽക്കാലത്ത് ശ്രദ്ധേയരായ നിരവധി പണ്ഡിതന്മാർ കേരളത്തിലുണ്ട്. വിവിധ സ്ഥാപനങ്ങളിലെയും വ്യത്യസ്ത മേഖലകളിലെയും മാതൃകാപരമായ പ്രവർത്തനങ്ങളാൽ മുഹമ്മദ് മദനിയുടെ കരസ്പർശമേൽക്കാത്തവർ ഇസ്ലാഹി പ്രസ്ഥാനത്തിൽ ചുരുക്കം ആയിരിക്കും. മുസ്‌ലിം ലീഗ് അനുഭാവിയായിരുന്ന മദനി ചന്ദ്രിക ദിനപത്രത്തിന്റെ സ്ഥിരം വായനക്കാരാനായിരുന്നു.
പ്രവാസലോകത്തും ഒരുപാട് ധന്യമായ പ്രവർത്തനങ്ങൾക്ക് മദനി നേതൃത്വം നൽകി. യുഎഇയിൽ അദേഹത്തിന്റെ പ്രവാസ ജീവിതം നവോത്ഥാന ചലനങ്ങൾക്ക് ഊർജം നൽകി.
നടക്കാതെ പോയ അഭിമുഖം
മാധ്യമം ദിനപ്പത്രത്തിന്റെ വാരാദ്യപതിപ്പിൽ വളർന്നുവരുന്ന പ്രതിഭകളെ പരിചയപ്പെടുത്തുന്ന ഫീച്ചറുകൾ ഞാൻ എഴുതാറുണ്ടായിരുന്നു. ഒരു ആഴ്ചയിൽ കരാട്ടെ പരിശീലകനും സാമൂഹിക പ്രവർത്തകനുമായ സി വി ഉസ്മാൻ ചെറുവാടിയെ കുറിച്ചായിരുന്നു എഴുതിയത്. ഇത് വായിച്ചശേഷം മദനി എന്നോട് ചോദിച്ചു: ”അല്ലടാ, നീ എന്നെക്കുറിച്ചൊക്കെ ഇനി എന്നാ എഴുതുക?” മദനിയുടെ അടുത്ത ബന്ധു കൂടിയായ സി വി ഉസ്മാനെ കുറിച്ച് എഴുതിയതിലെ സന്തോഷം കൂടി നർമത്തിൽ പൊതിഞ്ഞ് പങ്കുവെക്കുകയായിരുന്നു മദനി.
പിന്നീട് ശബാബ് വാരികയിൽ കേരളത്തിലെ ഇസ്ലാഹി പണ്ഡിതന്മാരുമായി ഞാൻ തയ്യാറാക്കിയ അഭിമുഖ കോളം പ്രസിദ്ധീകരിച്ചു തുടങ്ങി. ആ സമയം മദനിയോട് ഞാൻ വിശദമായ അഭിമുഖം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. “അതിനു മാത്രമൊന്നും ഞാൻ ആയിട്ടില്ലടോ” എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പ്രതികരണം. പിന്നീട് പലതവണ അഭിമുഖത്തിന് ഞാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. കൂടുതൽ വൈകാതെ ഒരു ദിവസം ഒരു കവർ എന്നെ ഏൽപ്പിച്ചു പറഞ്ഞു. “എന്റെ അഭിമുഖം പ്രസിദ്ധീകരിക്കുന്നത് എനിക്ക് ഒട്ടും താല്പര്യമില്ലാത്തതുകൊണ്ടാണ് ഞാൻ വിസമ്മതിക്കുന്നത്. ഇത് ഞാൻ എഴുതിയ ഒരു ലേഖനമാണ്. ഉചിതമെങ്കിൽ നീ എഡിറ്റ് ചെയ്ത് പുടവ മാസികയിൽ പ്രസിദ്ധീകരിച്ചോളൂ.”
ഇസ്ലാമിലെ കുടുംബജീവിതത്തെ കുറിച്ചുള്ള ഒരു ചെറിയ ലേഖനമായിരുന്നു അത്. മദനിയുടെ ഫോട്ടോ സഹിതം പ്രസ്തുത ലേഖനം പുടവയിൽ അച്ചടിച്ചുവന്നപ്പോൾ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. എന്തെങ്കിലും ഒക്കെ എഴുതണമെന്നുണ്ട്. പക്ഷേ മറ്റ് ചുമതലകൾ കൊണ്ട് എഴുതാൻ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന് പരിഭവം പറഞ്ഞു.
ഈ ലേഖകൻ ആഗ്രഹിച്ച മദനിയുമായുള്ള അഭിമുഖം ഒരിക്കലും നടക്കാതെ പോയി. സംഭവബഹുലമായ അദ്ദേഹത്തിന്റെ ജീവചരിത്രം വലിയൊരു പാഠപുസ്തകം ആണെന്ന് തീർച്ചയാണ്.
മദനിയുടെ ഇഷ്ട ക്രേന്ദങ്ങൾ
സ്വന്തം നാട് പോലെ തന്റെ പ്രവർത്തന തട്ടകങ്ങളും മദനിക്ക് വലിയ ഇഷ്ട മായിരുന്നു. അവിടുത്തെ പ്രവർത്തകരെയും സ്ഥാപനങ്ങളെയ്യം മദനി അതിരറ്റ് സ്നേഹിച്ചു. പുളിക്കൽ, അരീക്കോട്, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങൾ ഇവയിൽ പ്രധാനമാണ്.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജും അരീക്കോട് സുലമുസ്സലാം അറബിക് കോളേജുമല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉപമിക്കാനാവാത്ത വികാരമായിരുന്നു. മദീനത്തുൽ ഉലൂമിൽ വിദ്യാർഥിയായി എത്തിയ മദനി, ത്യാഗങ്ങളുടെ വഴിദൂരങ്ങൾ അനേകം താണ്ടി ആ സ്ഥാപനത്തിന്റെ തന്നെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു എന്നത് കൺകുളിർമ നൽകുന്ന അപൂർവ ചരിത്രമാണ്.
കോഴിക്കോട് വലിയങ്ങാടി പള്ളിയിൽ ദീർഘകാലം മദനിയായിരുന്നു ജുമുഅ: ഖുതുബ നിർവഹിച്ചിരുന്നത്. ഭക്തിസാന്ദ്രമായ മദനിയുടെ ഉദ്ബോധനങ്ങൾ കോഴിക്കോടും പരിസരങ്ങളിലും വലിയ പരിവർത്തനങ്ങൾക്ക് കാരണമായി. കച്ചവട ആവശ്യാർത്ഥവും മറ്റും കോഴിക്കോട്ട് എത്തുന്ന വിവിധ ജില്ലക്കാരായ വ്യക്തികൾ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ കേട്ട് സത്യത്തിലേക്ക് ഒഴുകിയെത്തി. അവരിലൂടെ വിവിധ നാടുകളിലേക്കും ഏകദൈവ വിശ്വാസത്തിന്റെ ആദർശങ്ങളും ആശയങ്ങളും പ്രചരിച്ചു. ഖലീഫ പള്ളിയിൽ നിന്ന് പരിചയപ്പെട്ട പലരും മദനിയെ അവരവരുടെ പ്രദേശങ്ങളിലേക്ക് പ്രഭാഷണ പരിപാടികൾക്ക് മദനിയെ കൊണ്ടുപോയി. അങ്ങനെ പലയിടങ്ങളിലും പുതിയ വെളിച്ചം ഉദിച്ചു.
മുബാഹലയും മദനിയുടെ ധീരമായ നേതൃത്വവും
ഹിജ്റ ഒമ്പതാം വര്‍ഷം മുഹമ്മദ് നബിയെ സന്ദര്‍ശിച്ച നജ്‌റാനില്‍നിന്നുള്ള ക്രൈസ്തവ സംഘത്തിന് സത്യം മനസ്സിലായിട്ടും സ്വീകരിക്കുവാൻ അവർ വിസമ്മതിച്ചപ്പോഴാണ് അവരുടെയും നബിയടക്കമുള്ള മുസ്ലിംകളുടെയും കുടുംബങ്ങളെ ഒരുമിച്ചുകൂട്ടി ‘കള്ളം പറയുന്നവരുടെ പേരില്‍ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ’ എന്ന് പ്രാർത്ഥിക്കുവാൻ അവരോട് ആവശ്യപ്പെടുവാനുള്ള വിശുദ്ധ ഖുർആൻ വചനം അവതരിക്കുന്നത്. (3: 61). പിറ്റേന്ന് രാവിലെ തന്നെ ക്രൈസ്തവ സംഘം മദീന വിട്ടതിനാൽ അങ്ങനെയൊരു മുബാഹല നടന്നില്ല.
ഇസ്ലാമിക ചരിത്രത്തിലെ ഏക മുബാഹലയാണ് 1989 മെയ് 28ന് കൊടിയത്തൂരിൽ നടന്നത്. 1988ൽ ഖാദിയാനികളുടെ ഖലീഫ മുസ്ലിം ലോകത്തെ മുബാഹലക്ക് വെല്ലുവിളിച്ചപ്പോൾ അത് ഏറ്റെടുക്കാൻ
അഹ്‌മദിയാക്കൾക്കെതിരെയുള്ള മുസ്ലിം ഐക്യവേദിയായ അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാം തയ്യാറാവുകയായിരുന്നു. മുബാഹലയിൽ മുഹമ്മദ് മദനിയാണ് മുസ്‌ലിം പക്ഷത്തിന്റെ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.
കുടുംബത്തിലും മാതൃകകൾ തീർത്ത പണ്ഡിതവര്യന്റെ മടക്കയാത്ര
കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും എല്ലാം കലവറ ഇലാത്ത സ്നേഹത്തിൽ പൊതിഞ്ഞാണ് മദനി സ്വീകരിക്കാറുള്ളത്. എല്ലാവരെയും ഇങ്ങനെ ആത്മാർത്ഥമായി പരിഗണിക്കാൻ കഴിയുക എന്നുള്ളത് എത്ര തിരക്കിനിടയിലും മദനിക്ക് കഴിഞ്ഞിരുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വളർന്നു വന്ന മദനി എല്ലാവരേയും സഹനത്തിന്റെ പര്യവസാനത്തെ പറ്റി ബോധവത്കരിച്ചു.
സ്വന്തം കുടുംബത്തിലും കൺകുളിർമയേകുന്ന വലിയ മാതൃകകൾ സൃഷ്ടിക്കാൻ കഴിഞ്ഞ പണ്ഡിതനാണ് മുഹമ്മദ് മദനി. അദ്ദേഹത്തിന്റെ
മക്കളും മരുമക്കളും മത സാമൂഹിക സാംസ്കാരിക സേവനരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്. ഭാര്യയും ഏഴു മക്കളും 20 പേരമക്കളും അടങ്ങുന്ന വലിയ കുടുംബത്തിലെ സ്നേഹനിധിയായ ‘വാവിച്ചി’ ആയിരുന്നു അദ്ദേഹം.
സംഘടനാ പ്രവർത്തനവും വായനയും പ്രഭാഷണവും ആ ജീവിതത്തിന് നൽകിയിരുന്ന സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല. 2013 ൽ ശക്തമായ പരീക്ഷണവുമായി പറന്നെത്തിയ ക്യാൻസർ രോഗത്തിന്റെ
എല്ലാ അസ്വസ്ഥതകളേയും ചുരുട്ടിക്കെട്ടി ഒരു യുവാവിന്റെ പ്രസരിപ്പോടെ മദനി പിന്നെയും കർമ്മഗോദയിലേക്ക് ധീരമായി ഇറങ്ങിവന്നു. ഹൃദ്യമായ വാഗ്ധോരണികൾ കൊണ്ട് മദനി പ്രഭാഷണകലയിൽ വീണ്ടും വീണ്ടും പുതിയ വിസ്മയങ്ങൾ പണിതു.
നിഷ്കളങ്കതയും നൈർമല്യവും സമന്വയിച്ച, ലാളിത്യത്തിനും വിനയത്തിനും സ്വന്തം ജീവിതം കൊണ്ട് എമ്പാടും മാതൃകകൾ തീർത്ത ആ വലിയ പണ്ഡിതന്റെ ദീപ്തമായ ഓർമകൾ തലമുറകൾക്ക് വഴികാട്ടിയായി കാലത്തിന് മുമ്പിലുണ്ടാവും. എഴുപത്തി ഒമ്പതാമത്തെ വയസ്സിൽ യാത്രയായ എം മുഹമ്മദ് മദനി എന്ന കർമയോഗിയുടെ പാരത്രികജീവിതം പ്രകാശപൂരിതമാവട്ടെ…