- ടി.പിയെ വെട്ടിക്കൊന്ന ഇന്നോവയിലെ മാഷാഅല്ലാഹ്, വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് എന്നിവയ്ക്കു പിന്നാലെ, പി മോഹനൻ മലബാറിൽ ഹിന്ദു-മുസ്‌ലിം വർഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തിയായി മാറി. സി.പി.എം ഇതിന് കുടപിടിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി.
മലപ്പുറം: സി.പി.എം നേതാവ് പി മോഹനൻ കേരളത്തിലെ മോഹൻ ഭാഗവത് ആണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്റെ ചേളാരിയിലെ വ്യായാമത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.
മെക് 7 കൂട്ടായ്മയുമായി ബന്ധപ്പെട്ട് കേരളത്തിൽ വർഗീയ പ്രചാരണം നടക്കുകയാണ്. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി ഇതിനെതിരെ വർഗീയ ചാപ്പ കുത്തുകയാണ്. എല്ലാ മതസ്ഥരും ഈ വ്യായാമത്തിലുണ്ടെന്നും യൂത്ത് കോൺഗ്രസ് മെക് സെവന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഞാൻ പങ്കെടുത്ത വ്യായാമത്തിന് നേതൃത്വം നൽകിയത് ശബരിമലയ്ക്കു പോകാൻ മാലയിട്ട ഒരു വിശ്വാസിയാണ്. ഇതിൽ മുസ്‌ലിം മതവിശ്വാസികളും ക്രിസത്യൻ മതവിശ്വാസികളും ഹിന്ദുമത വിശ്വാസികളും ഇതൊന്നും അല്ലാവത്തവരും ഉണ്ട്. അതേപോലെ തന്നെ വിവിധ രാഷ്ട്രീയങ്ങളിൽ പ്രവർത്തിക്കുന്നവരും പ്രവർത്തിക്കാത്തവരുമുണ്ട്.
പിന്നെ, എന്തിനാണ് ആരോഗ്യ സംരക്ഷണത്തിനായുള്ള ഈ വ്യായാമത്തെ സി.പി.എം വർഗീയ ചാപ്പയടിക്കുന്നത്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും യുവാക്കളുമെല്ലാമുണ്ട്. മോഹൻ ഭാഗവത് ഇന്ത്യയിൽ പറയുന്ന അതേ വർഗീയതയാണ് പി മോഹനൻ കേരളത്തിൽ പറയുന്നത്. പേരുകൾ സമാനമാണ്. സ്വഭാവത്തിലും സമാനതകളുണ്ട്. സി.പി.എം ഇവിടെ നടത്തുന്ന വർഗീയ പ്രചാരണത്തിലും ഇത് കണ്ടെത്താനാവും.

നിഷ്‌കളങ്ക ഭാവത്തോടെയല്ല സി.പി.എം നേതാവ് വിവാദം തുടങ്ങിയത്. മുസ്‌ലിം വിരുദ്ധ പരാമർത്തിലൂടെ ഭൂരിപക്ഷ പ്രീണനത്തിനാണ് സി.പി.എം ശ്രമം. പി മോഹനൻ ആണ് വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ബോൾ കൃത്യമായി ആർ.എസ്.എസിന് കൊടുത്തതിന് ശേഷമാണ് വിവാദത്തിൽ നിന്ന് സി.പി.എം പിന്മാറിയത്. ടി.പിയെ കൊല്ലാൻ വന്ന ഇന്നോവക്ക് പിറകിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിക്കാൻ നേതൃത്വം നൽകിയത് പി മോഹനന്റെ പാർട്ടിയാണ്. കാഫിർ സ്‌ക്രീൻ ഷോട്ടിന് പിന്നിലും അന്വേഷിച്ചാൽ പി മോഹനന്റെ പങ്ക് കണ്ടെത്താനാകും. മലബാറിൽ ഹിന്ദു-മുസ്‌ലിം വർഗീയതയ്ക്ക് ശ്രമിക്കുന്ന വ്യക്തിയായി പി മോഹനൻ മാറി. അതിന് സി.പി.എമ്മും കുടപിടിക്കുക.യാണ്. കേരളത്തിലെ മോഹൻ ഭാഗവത് ആണോ പി മോഹനനെന്നും അദ്ദേഹം ചോദിച്ചു. പി മോഹനനും കുടുംബവും ആർ.എസ്.എസ് സ്പയിങ് ഏജന്റ് ആണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.