തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെ തല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കക്ഷത്തിലാണെന്ന് കോൺഗ്രസ് എം.എൽ.എ അഡ്വ. മാത്യു കുഴൽ നാടൻ. ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ ബന്ധം ചർച്ചക്കെടുത്ത പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വിമർശങ്ങളാണ് കുഴൽനാടൻ സഭയിൽ ചർച്ചയുടെ തുടക്കം മുതൽ അഴിച്ചുവിട്ടത്.
1977-ൽ സംഘപരിവാറിന്റെ വോട്ടുവാങ്ങി നിയമസഭയിലേയ്ക്ക് എത്തിയ ചരിത്രമാണ് പിണറായി വിജയനുള്ളതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇന്ന് കേരളത്തിൽ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങൾ നടത്തുന്നുവെന്ന് സഖാക്കൾ പോലും സംശയിക്കുന്നുണ്ട്. എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്നാണ് ഇവരുടെ സംശയം. ഞങ്ങളുടെ കൈയിൽ ഒരു അന്വേഷണ ഏജൻസിയും ഇല്ല. എ.ഡി.ജി.പിയെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ കാരണം ഞങ്ങളോട് പറയണ്ട, പക്ഷേ പൊതുസമൂഹത്തോട് പറയണം.
എ.ഡി.ജി.പിയെ മാറ്റേണ്ട സാഹചര്യം ഒരുപാട് നാൾ മുമ്പേ ഉയർത്തിയതാണ്. എ.ഡി.ജി.പിയുടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് പുറത്തുവന്നത്. ഭരണപക്ഷ എം.എൽ.എ വരെ കാര്യങ്ങൾ വിളിച്ചുപറഞ്ഞു. സി.പി.ഐ ശക്തമായി രംഗത്തുവന്നു. എന്തിനുവേണ്ടിയാണ് നിയമസഭ സമ്മേളനം തുടങ്ങുന്നതിന് തലേന്ന് വരെ അദ്ദേഹത്തെ സംരക്ഷിച്ചത്. എന്തിനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആർജവം സർക്കാരിന് ഇല്ല. സി.പി.എമ്മിലെ എത്രയോ സഖാക്കന്മാരെ വെട്ടിക്കൊന്ന സംഘപരിവാറിനോട് എന്തിന് വിധേയപ്പെടുന്നുവെന്ന് സാധാരണ സഖാക്കന്മാർ ആലോചിക്കുന്നുണ്ട്.
ആർക്കു വേണ്ടിയാണ് ആർ.എസ്.എസിന് മുന്നിൽ ഈ പാർട്ടിയെ അടിയറവ് വെക്കുന്നത്. ഇതിന് കാരണമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെ തല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കക്ഷത്തിലായത് 2024 ജനുവരി 31 മുതലാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേസിൽ ഹൈക്കോടതി വിധി പറയാൻ തയ്യാറെടുക്കുമ്പോൾ അന്വേഷണം ആരംഭിച്ചുവെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഏട്ടുമാസം സമയം കൊടുത്തു. എന്തുകൊണ്ടാണ് ഇതുവരെ അന്വേഷണം പുറത്തുവരാത്തത്. എന്തിനാണ് ഇപി ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയത്. എന്തിനാണ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ മാറ്റിയത്. ഇതിനൊന്നും നിങ്ങൾക്ക് മറുപടിയില്ല. സിപിഎമ്മും ആർ.എസ്.എസുമായുള്ള ബന്ധമാണ് ഇതിലെല്ലാം കാണുന്നതെന്നും മാത്യു കുഴൽനാടൻ തുറന്നടിച്ചു.
ഇന്ന് രാവിലെ സഭയിലെത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടർമാർ വോയ്‌സ് റസ്റ്റ് നിർദേശിച്ചതിനാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ സഭയെ അറിയിക്കുകയായിരുന്നു. ചർച്ച നടക്കട്ടെ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്ന് പ്രതിപക്ഷത്തോട് പറഞ്ഞു.
അതിനിടെ, എ.ഡി.ജി.പി-ആർ.എസ്.എസ് ചർച്ചയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയ്ക്കിടെ മുസ്‌ലിം ലീഗിലെ എൻ ഷംസുദ്ദീൻ ഉന്നയിച്ചപ്പോൾ സ്പീക്കർ ക്ഷോഭിച്ചു. തുടർന്ന് സ്പീക്കറും പ്രതിപക്ഷ എം.എൽ.എയുമായി വാക്കേറ്റമുണ്ടായി. രാവിലെ നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രിക്ക് പെട്ടെന്ന് അനാരോഗ്യം വന്നത് യാദൃശ്ചികമായിരിക്കാമെന്നായിരുന്നു എൻ ഷംസുദ്ദീന്റെ പ്രതികരണം. ഉടനെ ‘ആർക്കും അസുഖം വരാമല്ലോ, ഇത്തരം സംസാരം വേണ്ടെന്നും ആരോഗ്യ പ്രശ്‌നം സഭയിൽ ഉന്നയിക്കരുതെന്നും’ സ്പീക്കർ വ്യക്തമാക്കി.
തുടർന്ന് ഇന്നു തന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നല്ലോ എന്ന് ഷംസുദ്ദീൻ പരിഹസിച്ചു. ശേഷം ഭരണപക്ഷ എം.എൽ.എമാർ സഭയിൽ ബഹളമുണ്ടാക്കിയപ്പോൾ സ്പീക്കർ ഇടപെട്ടു. മുഖ്യമന്ത്രിയെ കളിയാക്കിയത് അല്ലെന്നും അസുഖം ആർക്കും വരാമെന്നും ഇത്രയും പ്രധാനപ്പെട്ട ചർച്ചയിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാണിക്കുകയായിരുന്നുവെന്നും എൻ ഷംസുദ്ദീനും വ്യക്തമാക്കി.
സഭയിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാരെ സ്പീക്കർ താക്കീത് ചെയ്തു. മാത്യു കുഴൽനാടൻ, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. മന്ത്രി എം.ബി രാജേഷാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിക്കുകയും ബാനർ ഉയർത്തുകയും ചെയ്തത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ അംഗങ്ങൾക്കുള്ള താക്കീത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചൊടിപ്പിച്ചു. പ്രതിഷേധക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിർത്തിവെച്ച സ്പീക്കറുടെയും, പക്ഷപാതപരമായ സഭാ ടി.വിയുടെ അടക്കമുള്ള നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇത് ജനാധിപത്യത്തിനും സ്പീക്കർ പദവിക്കും കളങ്കമാണെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.