തിരുവനന്തപുരം – മാസപ്പടി വിവാദത്തില്‍ ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എയോടെ വിജിലന്‍സ് കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയാനിരിക്കേ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. വിജിലന്‍സ് അന്വേഷണം വേണമെന്ന ഇതുവരെയുള്ള ആവശ്യത്തിന് പകരം കോടതി നേരിട്ടു കേസെടുത്താല്‍ മതിയെന്നാണ് ഇന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഏതെങ്കിലും ഒരു ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെടുകയായിരുന്നു. കേസില്‍ വിധി പറയുന്നത് ഏപ്രില്‍ 12 ലേക്ക് മാറ്റുകയും ചെയ്തു. ഹര്‍ജിക്കാരന്റെ നിലപാട് മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വിജിലന്‍സിനായി ഹാജരായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ധാതുമണല്‍ ഖനനത്തിനായി സി എം ആര്‍ എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍ നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹര്‍ജികള്‍ നേരത്തെ തീര്‍പ്പാക്കിയതാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group