കൽപ്പറ്റ: കേരളത്തിന്റെ തീരാ നോവായി മാറിയ വയനാട് ദുരന്തത്തോട് മുഖം തിരിച്ച കേന്ദ്ര സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ 19ന് ഹർത്താൽ നടത്താൻ യു.ഡി.എഫ്, എൽ.ഡി.എഫ് തീരുമാനം.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ഇരു മുന്നണി നേതൃത്വവും അറിയിച്ചു.
ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വയനാടിനായി കേന്ദ്രം ഇത്രയും നാൾ ഒഴുക്കിയത് കള്ളക്കണ്ണീരാണെന്ന് തെളിയാൻ ഉപതെരഞ്ഞെടുപ്പ് വരേ കാത്തിരിക്കേണ്ടി വന്നതായി മുന്നണി നേതാക്കൾ കുറ്റപ്പെടുത്തി.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ അന്ധമായ ഈ വിരോധം ഞെട്ടിപ്പിക്കുന്നതാണ്. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപ അനുവദിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചവർക്ക് മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
മോഡി സർക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിനെതിരേ സമൂഹമാധ്യമങ്ങളിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രിയും പരിവാരങ്ങളും വയനാട്ടിലെത്തി ദുരന്തബാധിതരോട് ഇങ്ങനെ കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു ദുരന്തമുഖത്തു പോലും ഇത്രമാത്രം കണ്ണിൽ ചോരയില്ലാത്തവരാണ് കേന്ദ്രത്തിലുള്ളതെന്ന് മനസ്സിലാക്കാനായി. ഇതിനെതിരേ കക്ഷിരാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധം ഉയരണമെന്ന ആവശ്യം ശക്തമാണ്.