കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു.
ഇന്നലെ രാത്രി മുഴുവനും ഇവരെ ഇഡി ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്.
കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത് .
ഇന്നലെ ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകിയും പുലര്‍ച്ചയും തുടരുകയാണ് .
സിഎംആർഎൽ എംഡി ശശിധരൻ കർത്തയോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാരണങ്ങൾ പറഞ്ഞു അദ്ദേഹം ഹാജരായിരുന്നില്ല.
എന്നാൽ സിഎംആർഎൽ എംഡിയായ ശശിധരൻ കർത്തയുടെ മൊഴിയെടുക്കൽ നിർബന്ധമാണെന്ന നിലപാടിലാണ് ഇഡി.
എക്സാലോജിക് കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസി.