കൊച്ചി – വയനാട് വെള്ളമുണ്ടയില്‍ പോലീസുകാരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. കൂട്ടു പ്രതിപ്രതികളായ അനൂപ് മാത്യൂവിന് എട്ട് വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ ഐ എ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ ഐ എ കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്. മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നല്കി എന്നാരോപിച്ചാണ് പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. പ്രമോദിന്റെ അമ്മയാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. പ്രമോദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സംഘം വധഭീഷണി മുഴക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറിയ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.