കണ്ണൂർ – കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാവോയിസ്റ്റ് നേതാവ് സുരേഷ് കീഴടങ്ങി. ചിക്കമംഗളൂരു സ്വദേശി സുരേഷിൻ്റെ (പ്രദീപ് 49) കീഴടങ്ങൽ പൊലീസ് രേഖപ്പെടുത്തി.
ഇത്രയും കാലം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും കീഴടങ്ങണം എന്ന ചിന്ത ഏറെനാളായി ഉണ്ടായിരുന്നെന്നും സുരേഷ് പറഞ്ഞു. കാഞ്ഞിരക്കൊല്ലി ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സുരേഷിനെ ഫെബ്രുവരി 16ന് ആണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം ചിറ്റാരി കോളനിയിൽ എത്തിച്ച് കടന്നത്.
വാരിയെല്ലുകൾക്കും കാലിനും ക്ഷതമേറ്റിരുന്നു. പ്രത്യേക സുരക്ഷ സംവിധാനത്തിൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നൽകി. ഇതിനിടെ സുരേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്ട്രേട്ട് മൊഴിയെടുക്കുകയും ചെയ്‌തു. പൊളിറ്റിക്കൽ സയൻസിൽ ബിരുദമുള്ള സുരേഷ് 23 വർഷം മുൻപാണ് മാവോയിസ്റ്റ് പ്രവർത്തന ഭാഗമായത്.
കീഴടങ്ങൽ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ല കലക്ടർ അരുൺ കെ വിജയൻ സുരേഷുമായി സംസാരിച്ചു. സംസ്ഥാന സർക്കാരിൻ്റെ മാവോയിസ്റ്റ് പുനരധിവാസ നയത്തിൻ്റെ ഭാഗമായി ഇയാൾക്കു വീട് വെക്കാനും ഉപജീവന മാർഗം കണ്ടെത്താനും സഹായം നൽകും. ഇതിനായി കലക്ടർ ചെയർമാനായും റൂറൽ എസ് പി നോഡൽ ഓഫിസറായും സ്ക്രീനിങ് കമ്മിറ്റി രൂപീകരിക്കും എന്ന് റൂറൽ എസ് പി എം ഹേമലത പറഞ്ഞു.