ബെംഗളൂരു– ഒളിമ്പിക്‌സിൽ മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1971 മുതൽ 1978 വരെ ഇന്ത്യൻ ഹോക്കി ടീമിന്റെ കാവൽക്കാരൻ ആയിരുന്ന മാനുവൽ ഫെഡറിക് 1972 മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡൽ ടീമിലെ പ്രധാന താരമായിരുന്നു. താരത്തിന്റെ ഗോൾ കീപ്പിങ് മികവാണ് ഇന്ത്യക്ക് മെഡൽ നേടി കൊടുത്തത്. 1973 ഹോളണ്ട് ലോകകപ്പ്, 1978 അര്‍ജന്റീന ലോകകപ്പുകളിലും ഇന്ത്യക്ക് വേണ്ടി മാനുവല്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായ ജോസഫ് ബോവറിന്റെയും സാറയുടെയും മകനായി 1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് മാനുവലിന്റെ ജനനം. തുടക്കകാലത്ത് ഫുട്‌ബോള്‍ കളിച്ചിരുന്ന മാനുവല്‍ 12ാം വയസ്സിലാണ് ആദ്യമായി ഹോക്കി സ്റ്റിക്ക് തൊട്ടത്. 15-ാം വയസ്സില്‍ ആര്‍മിയില്‍ ചേര്‍ന്ന താരത്തിന് സര്‍വീസസ് ക്യാമ്പില്‍ വെച്ച് ലഭിച്ച പരിശീലനം ഇന്ത്യൻ ഹോക്കി ദേശീയ ടീമിൽ എത്തിച്ചു.
ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബെംഗളുരു), ടിനു തോമസ് (മുംബൈ)



