മംഗലാപൂരത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ദയനീയമായി കൊല്ലപ്പെട്ട അഷ്റഫിന്റെ (36) മൃതദേഹം മലപ്പുറം കോട്ടക്കല്‍ ചോലക്കുണ്ട് മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.
ഖബറടക്കല്‍ ചടങ്ങില്‍ അഷ്‌റഫിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും രോഷവും സങ്കടവും അണപൊട്ടി. അഷ്റഫിന് നീതി ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കോട്ടക്കല്‍ സ്വദേശിയായ അഷ്റഫിനെ ഞായറാഴ്ച്ചയാണ് മംഗളൂരു കുടുപ്പു ഭദ്ര കല്ലുര്‍ട്ടി ക്ഷേത്രത്തിനു സമീപം ക്രിക്കറ്റ് കളി കാണുന്നതിനിടെ ഒരു സംഘം തല്ലിക്കൊന്നത്.
വര്‍ഷങ്ങളായി പല സ്ഥലങ്ങളിലും ആക്രി ശേഖരിക്കുന്ന ജോലിയാണ് അഷ്റഫിന്. പറപ്പൂരിലെ വീട് ബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജപ്തി ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കുടുംബം വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ആണ്് താമസം.
കളിക്കുന്ന സ്ഥലത്തിന് സമീപം വച്ചിരുന്ന ഒരു കപ്പ് വെള്ളം കുടിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ സച്ചിന്‍ ടി എന്നയാളാണ് അക്രമത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബിജെപി കോര്‍പറേഷന്‍ അംഗം സംഗീത നായകിന്റെ ഭര്‍ത്താവ് രവീന്ദ്ര നായകിന്റെ നേതൃത്വത്തില്‍ ഒരു സംഘം അഷ്റഫിനെ ക്രിക്കറ്റ് ബാറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സാമ്രാട്ട് ഗൈസ് എന്ന പേരില്‍ അറിപ്പെടുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ അക്രമം തുടരുകയായിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് സാമ്രാട്ട് ഗൈസ്.
അഷ്റഫ് മരിച്ചെന്ന് കരുതി പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തിന് സമീപമാണ് അദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരിക രക്തസ്രാവവും തലയക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ഷോക്കുമാണ് അഷ്‌റഫിന്റെ മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. കൈകാലുകള്‍, പുറകു വശം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മരത്തടികൊണ്ടും മറ്റും മര്‍ദ്ദിച്ചിന്റെ ആഴത്തിലുള്ള മുറിവുകളുണ്ട്.
”അവന്‍ ആരുടെ കാര്യത്തിലും ഇടപെടാറില്ല. ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നവനാണ്. ബിസിനസിന്റെ കാര്യത്തില്‍ പോലും മറ്റുള്ളവരുമായി വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണ്. അവനെക്കുറിച്ച് ഇതുവരെ ആര്‍ക്കും മോശമായി ഒന്നും പറയാനില്ല”- അഷ്റഫിന്റെ പിതാവ് മുച്ചിക്കാടന്‍ കുഞ്ഞീതു കുട്ടി പറഞ്ഞു.
സംഘപരിവാരം അവരുടെ തന്ത്രങ്ങള്‍ പരീക്ഷിക്കുന്ന ഒരു സ്ഥലമാണ് മംഗലാപുരമെന്ന് ഖബറടക്കല്‍ ചടങ്ങിനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീര്‍ ഷാ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. വൈകാരിക ആവേശത്തിലുണ്ടായ സംഭവം എന്ന രീതിയില്‍ ലളിതവല്‍ക്കരിക്കുന്നതിന് പകരം സംഘപരിവാര സംഘടനകളായ ബജ്റംഗ്ദളിനും ആര്‍എസ്എസിനുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഷ്റഫിന്റെ കൊലപാതകത്തിന് പിന്നാലെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പ്രചരിപ്പിച്ചിരുന്നു. തുടക്കത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഈ അവകാശവാദം ഏറ്റെടുത്തെങ്കിലും പിന്നീട് അദ്ദേഹം തിരുത്തി. അത് തന്റെ പ്രസ്താവന അല്ലെന്നും അക്രമികള്‍ പോലീസിനോട് പറഞ്ഞ കാര്യം താന്‍ പറഞ്ഞതാണെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്. പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണവും പോലീസും നിഷേധിച്ചു.
അഷ്റഫിന്റെ കൊലപാതകത്തിന് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ലഭ്യമാക്കുന്നതിനും നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കും. രാഷ്ട്രീയ സമ്മര്‍ദ്ദവും നിയമപോരാട്ടവും ജനകീയ പ്രതിഷേധവും കമ്മിറ്റി ഏറ്റെടുക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഹബീബ് ജഹാന്‍ പറഞ്ഞു.
മംഗളൂരു സിറ്റി പോലീസ് പറയുന്നതനുസരിച്ച്, തിരുവായ്ല്‍ ഗ്രാമത്തില്‍ താമസിക്കുന്ന 26കാരനായ സച്ചിന്‍ ടി. ആണ് ആക്രമണം ആരംഭിച്ചത്. ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(2) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വിദ്വേഷ കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉള്‍പ്പെടുന്നു. കൂടുതല്‍ പ്രതികളെ തിരിച്ചറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഡാറ്റയും വിശകലനം ചെയ്തുവരികയാണ്. ഈ ആള്‍ക്കൂട്ട കൊലപാതകം കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കി. സംസ്ഥാനത്ത് വളര്‍ന്നുവരുന്ന മുസ്ലീം വിരുദ്ധ അക്രമങ്ങള്‍ തടയുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശകര്‍ ആരോപിച്ചു.