പയ്യന്നൂർ – കിടപ്പുമുറിയിൽ സിലിംഗ് ഫാൻ ദേഹത്ത് പൊട്ടി വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മൻസിലിൽ എ.കെ.മുഹമ്മദ് സമീറാണ് (48) മരിച്ചത്.
പോളിഷിംഗ് തൊഴിലാളിയായ മു ഹമ്മദ് സമീർ വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഈ സമയം ഭാര്യയും കുട്ടിയും യൂനിഫോം വാങ്ങാനായി സമീപത്തെ തയ്യൽ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു. ഇവർ തിരിച്ചെത്തി യപ്പോഴാണ് സംഭവം കണ്ടത്.
ഫാൻ ഘടിപ്പിച്ചിരുന്ന കോൺക്രീറ്റിന്റെ സിലിംഗ് ഭാഗം ഉൾപ്പെടെ അടർന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഉടൻ പരിയാരം ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്പലപ്പാറയിലെ എൻ.പി.ഇബ്രാഹിംകുഞ്ഞി- എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ ഷാനിബ മകൾ ഷാഹിന. സഹോദരങ്ങൾ ഫൈസൽ, സറീന, പരേതയായ ഷാഹിന. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.