താമരശ്ശേരി– താമരശ്ശേരി താലൂക്കാശുപത്രിയിൽ ഡോക്‌ടറെ വെട്ടി പരിക്കേൽപ്പിച്ചു. ഡോക്‌ടർ വിപിനിനാണ് തലക്ക് വെട്ടേറ്റത്. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസ്സുകാരി അനേയയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാളെ താമരശ്ശേരി പൊലീസ് പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ കുടുംബത്തിന് നീതി ലഭിച്ചിരുന്നില്ലെന്ന് ഏറെ നാളായി കുടുംബം ആരോപണം ഉയർത്തുന്നുണ്ട്. ആശുപത്രി സൂപ്രണ്ടിനെ അന്വേഷിച്ച് എത്തിയ പ്രതി അദ്ദേഹം ഇല്ലെന്നറിഞ്ഞ് അവിടെ ഉണ്ടായിരുന്ന ഡോക്ടറെ വെട്ടുകയായിരുന്നു എന്നാണ് ദ്യക്‌സാക്ഷികൾ നൽകുന്ന മൊഴി.
പനിയും ശർദിയും ബാധിച്ച കുട്ടിയെ താമരശ്ശേരിയിലെ താലൂക്കാശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെ എത്തുന്നതിനു മുമ്പ് തന്നെ അനേയ മരിച്ചിരുന്നു. പിന്നാലെ അനേയയുടെ സഹോദരനും രോഗം സ്ഥിരികരിച്ചിരുന്നു.
കുട്ടിയുടെ യഥാർത്ഥ മരണകാരണം വ്യക്തമല്ലെന്നും, മരണസർട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഉചിതമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മകൾ രക്ഷപ്പെടുമായിരുന്നുവെന്നാണ് സനൂപിന്റെ വാദം. എന്നാൽ, ചികിത്സയിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി.
പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്‌കാനിനു ശേഷമേ മുറിവിൻ്റെ ആഘാതം മനസ്സിലാക്കാൻ കഴിയൂ എന്ന് കോഴിക്കോട് ഡി.എം.ഒ രാജാറാം വ്യക്തമാക്കി.