ലണ്ടന്‍: യുകെയിലെ റോഥര്‍ഹാമില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാല്‍ (26) ആണ് മരിച്ചത്. കെയര്‍ ഹോം ജീവനക്കാരനായി ജോലി ചെയ്യുകയാരുന്നു. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വൈഷ്ണവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സൗത്ത് യോര്‍ക്ഷെയറിലെ റോഥര്‍ഹാമിന് സമീപമുള്ള മെക്‌സ്ബറോയിലാണ് സംഭവം നടന്നത്. കെയര്‍ ഹോം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മെക്‌സ്ബറോ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് നിഗമനം.
2021ല്‍ ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനുപിന്നാലെ വൈഷ്ണവും യുകെയിലെത്തി. രണ്ടുവര്‍ഷം മുമ്പ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിച്ചിരുന്നു. മരണവിവരം പൊലീസ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചതോടെ, ബന്ധുക്കള്‍ യുകെയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതോടെയാണ് യു.കെയിലെ മലയാളി സമൂഹം സംഭവം അറിയുന്നത്.
വൈഷ്ണവിന്റെ ഭാര്യ അഷ്ടമി നിലവില്‍ അവധിക്കായി നാട്ടിലാണ്. മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു.
ചിറയിന്‍കീഴ് ഞാറയില്‍കോണം കുടവൂര്‍ വടക്കേവീട്ടില്‍ വേണുഗോപാല്‍-ബേബി ദമ്പതികളുടെ മകനാണ് വൈഷ്ണവ്. വിഷ്ണുവാണ് ഏക സഹോദരന്‍. സ്ഥിരജോലി ലഭിച്ച് സന്തോഷകരമായ ജീവിതം നയിക്കവേയുണ്ടായ ദാരുണമരണം യുകെയിലെയും നാട്ടിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടലില്‍ ആഴ്ത്തിയിരിക്കുകയാണ്.