കൊല്ലം: നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മാങ്ങാട് ശശി മന്ദിരം വീട്ടിൽ ഹരിത (27) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഒമാനിൽ നിന്നുള്ള എംഡിഎംഎ കടത്തിന്റെ മുഖ്യ ഏജന്റാണ് ഹരിത. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎയുമായി ഓഗസ്റ്റ് 24-ന് പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ സിറ്റി ഡാൻസാഫും വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ ചോദ്യം ചെയ്തപ്പോൾ നഗരത്തിലെ എംഡിഎംഎ വിതരണത്തിന്റെ മുഖ്യ ശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
എംഡിഎംഎ വാങ്ങാൻ അഖിലിനെ കാത്തിരുന്ന കല്ലുംതാഴം സ്വദേശി അവിനാഷിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി. അഖിലിന്റെ അറസ്റ്റ് അറിഞ്ഞ് ഒളിവിൽ പോയ രണ്ടാമത്തെ വിതരണക്കാരനായ കൊല്ലം അമ്മച്ചി വീട് സ്വദേശി ശരത്തിനെ എംഡിഎംഎ കച്ചവടത്തിനിടെ 12 ഗ്രാം എംഡിഎംഎയുമായി പിന്നീട് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഹരിതയിലേക്ക് പൊലീസ് എത്തിയത്. എൻജിനീയറിങ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ് താമസിക്കുന്നത്. മാങ്ങാട്ട് അമ്മൂമ്മയോടൊപ്പമാണ് ഹരിതയുടെ താമസം.
രണ്ടാം പ്രതി അവിനാഷും ഹരിതയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇവർ ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞത്. 2024 ഡിസംബറിൽ എറണാകുളത്ത് ലോഡ്ജിൽ 2 ഗ്രാം എംഡിഎംഎയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2025 ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒമാനിലേക്ക് മാതാപിതാക്കളുടെ അടുത്തേക്ക് പോയ ഹരിത, അവിടെ നിന്ന് എംഡിഎംഎ കടത്തിന്റെ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു. ഹരിതയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ലഹരി കച്ചവടവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ പൊലീസ് കണ്ടെടുത്തു.
അവിനാഷിനെയും ശരത്തിനെയും ജാമ്യത്തിൽ ഇറക്കാൻ ഹരിത നാട്ടിലെത്തുമെന്ന് മനസ്സിലാക്കിയ പൊലീസ്, ഇന്നലെ ജില്ലാ ജയിലിനടുത്ത് വച്ച് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ. ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിതയെ പിടികൂടി. എസ്ഐ അൻസറുദീൻ, സിപിഒമാരായ ശ്രീലാൽ, ദീപു ദാസ്, സലിം, ആശ എന്നിവരും സംഘത്തിലുണ്ടായിരുന്നു.