തിരുവനന്തപുരം: പ്രവാസലോകത്തെ കുട്ടികൾക്കായി ഇന്ത്യയിൽ നടക്കുന്ന ഏക ഭാഷാതുല്യത പരീക്ഷയായ മലയാളം മിഷന്റെ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളം മിഷന്റെ വിവധ ചാപ്റ്ററുകളിലെ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള പത്താം തരം മലയാളം തുല്യതാ കോഴ്‌സായ നീലക്കുറിഞ്ഞി കോഴ്‌സ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 156 പേരിൽ 150 പേരും വിജയിച്ചു. ആകെ വിജയശതമാനം 96.15%.ആണ്. 26 പേർക്ക് എ പ്ലസ് ഗ്രേഡും 42 പേര്‍ക്ക് എ ഗ്രേഡും, 38 പേര്‍ക്ക് ബി പ്ലസ് ഗ്രേഡും ലഭിച്ചു.
മലയാളം മിഷൻ നടപ്പിലാക്കുന്ന നാല് മാതൃഭാഷാ കോഴ്സുകളിൽ സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞി പരീക്ഷാ ഫലം സാംസ്‌കാരിക വകുപ്പു മന്ത്രിയും മലയാളം മിഷൻ വൈസ് ചെയർമാനുമായ സജി ചെറിയാൻ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി പ്രവാസലോകത്തെ കുട്ടികള്‍ മാതൃഭാഷയില്‍ പത്താംതരം തുല്യത നേടുന്ന ചരിത്രമുഹൂര്‍ത്തമാണിതെന്ന് ഫല പ്രഖ്യാപനത്തിന് ശേഷം മന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്‌ട്രാർ വിനോദ് വൈശാഖി, പി.ആർ.ഒ ആശാ മേരി ജോൺ എന്നിവർ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്.സി. ഇ.ആര്‍.ടി. അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും അടിസ്ഥാനത്തിലാണ് മലയാളം മിഷൻ കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്. ബഹ്‌റൈൻ, ഡൽഹി, മുംബൈ, തമിഴ്‌നാട്, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായി 48 ആൺകുട്ടികളും 102 പെൺകുട്ടികളുമാണ് നീലക്കുറുഞ്ഞിയുടെ ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയത്. നീലകുറുഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷാഫലം പരീക്ഷ ഭവൻ വെബ്‌സൈറ്റായ www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
മലയാളഭാഷാ പരിജ്ഞാന യോഗ്യതയായി കേരള പിഎസ്‌സി അംഗീകരിച്ച കോഴ്‌സാണ് മലയാളം മിഷന്റെ നീലക്കുറിഞ്ഞി. ആഗോളതലത്തില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. സാംസ്കാരിക കാര്യ വകുപ്പിനു കീഴില്‍ മലയാള ഭാഷാപഠനവും പ്രചാരണവും പ്രവാസിമലയാളികള്‍ക്കിടയില്‍ നടത്തുന്നതിന് ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.
‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷൻ ലക്ഷ്യമിടുന്നത്. മലയാളം മിഷൻറെ നേതൃത്വത്തിൽ 42 വിദേശ രാജ്യങ്ങളിലും 22 ഇന്ത്യൻ സംസ്ഥാനങ്ങളിലുമായി 4000 ൽ അധികം പഠനകേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. പ്രവാസി മലയാളി കുട്ടികൾക്കുള്ള മാതൃഭാഷാ പഠന കോഴ്‌സുകളും മലയാളം ഓൺലൈൻ പഠനകോഴ്‌സും വിവിധ സാംസ്‌കാരിക പ്രവർത്തനങ്ങളുമാണ് മലയാളം മിഷൻ മുഖ്യമായും നടത്തുന്നത്.
കണിക്കൊന്ന (സർട്ടിഫിക്കറ്റ്), സൂര്യകാന്തി (ഡിപ്ലോമ), ആമ്പൽ (ഹയർ ഡിപ്ലോമ), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ) എന്നീ നാല് സൗജന്യ മാതൃഭാഷാ കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. ഈ സർക്കാർ അംഗീകൃത കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ്സിന് തത്തുല്യമായ മലയാള ഭാഷാ നിലവാരത്തിലേക്ക് എത്തിച്ചേരാൻ കഴിയും.