പൊന്നാനി: മലികുൽ മുളഫർ മജ്ലിസ് പഞ്ചദിന മീലാദ് കോൺഫറൻസിന് തുടക്കമായി. പൊന്നാനി കടലോരത്തെ മലികുൽ മുളഫർ നഗരിയിൽ നടന്ന മഖ്ദൂം സാദാത്ത് സംഗമത്തോടെയാണ് വിവിധങ്ങളായ പ്രവാചക പ്രകീർത്തന പരിപാടികൾ ആരംഭിച്ചത്. നൂറ്റാണ്ടുകളായി പൊന്നാനിയിൽ നിലനിൽക്കുന്ന സയ്യിദ് കുടുംബങ്ങളിലെയും മഖ്ദൂം കുടുംബങ്ങളിലെയും പണ്ഡിതന്മാർ പൗരപ്രമുഖർ കാരണവന്മാർ തുടങ്ങിയവരെ സംഗമത്തിൽ ആദരിച്ചു. അസ്സുഫ്ഫ സാരഥി ഉസ്താദ് ജഅ്ഫർ സഖാഫി കൈപ്പമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സയ്യിദ് ഫൈസൽ തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ. സിദ്ദീഖ് പന്താവൂർ, മുബാറക് മഖ്ദൂമി, ഫളൽ മഖ്ദൂമി, നൗഫൽ അഹ്സനി സംസാരിച്ചു. സാംസ്ക്കാരിക സമ്മേളനം, ആദർശ മുഖാമുഖം, വാർഷിക ഹുബ്ബുർറസൂൽ പ്രഭാഷണം, പ്രഭാത മൗലിദുകൾ, പ്രവാചക പ്രകീർത്തന സദസ്സുകൾ, ബഹുജന റാലി, ഗ്രാൻഡ് മൗലിദ്, വിദേശ സംഘത്തിന്റെ നഅ്തേ ശരീഫ്, ആത്മീയ സമ്മേളനം തുടങ്ങി വിവിധ ഇനങ്ങളിലായി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മലികുൽ മുളഫർ മജ്ലിസിൽ സ്വദേശത്തേയും വിദേശത്തേയും സാദാത്തീങ്ങൾ, പണ്ഡിതന്മാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള വ്യക്തിത്വങ്ങൾ സംബന്ധിക്കും. ആത്മീയ ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് രണ്ടു പതിറ്റാണ്ടോളമായി സേവനം ചെയ്യുന്ന അസ്സുഫ്ഫ ദർസിന്റെ ആഭിമുഖ്യത്തിലാണ് ദക്ഷിണേന്ത്യൻ മൗലിദ് സംഗമങ്ങളിലെ ശ്രദ്ധാകേന്ദ്രമായ മലികുൽ മുളഫർ മജ്ലിസ് സംഘടിപ്പിക്കപ്പെടുന്നത്. പരിപാടികൾ 29ന് സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group