ന്യൂഡൽഹി / മലപ്പുറം: മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സ് (Mpox) വൈറസിന്റെ കൂടുതൽ വ്യാപനശേഷിയുള്ള വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എംപോക്സ് ക്ലേഡ് വൺ ബി എന്നാണിന്റെ പേര്. ഇന്ത്യയിൽ ആദ്യമായാണ് ഈ വകഭേദം റിപോർട്ട് ചെയ്യുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ ക്ലേഡ് വൺ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദുബൈയിൽ നിന്നെത്തിയ 38കാരനായ മലപ്പുറം സ്വദേശിക്ക് സെപ്തംബർ 18നാണ് എംപോക്‌സ് ബാധ സ്ഥിരീകരിച്ചത്. യുവാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജ്യാന്തര തലത്തിൽ എംപോക്‌സ് 2 എന്ന വകഭേദമാണ് ഏറ്റവും കൂടുതലായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ നേരത്തെ റിപോർട്ട് ചെയ്തതും എംപോക്‌സ് 2 ആണ്.
അതിനിടെ, എംപോക്‌സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ അഞ്ച് ലാബുകളിൽ പരിശോധാ സൗകര്യമുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, എംപോക്‌സ് സംശയത്തിൽ ആലപ്പുഴയിൽ ചികിത്സയിലുള്ള ആളുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി. ആദ്യ പരിശോധന ഫലവും നെഗറ്റീവായിരുന്നു. വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.