കൊച്ചി – തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ബാബുവിന്റെ വിജയം ഹൈക്കോടതി ശരിവെച്ചതിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് സുപ്രീം കോടതിയില്‍ അപ്പില്‍ ഹര്‍ജി നല്കി. 992 വോട്ടുകള്‍ക്കാണ് 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചത്. നിയസഭാ തിരഞ്ഞെടുപ്പ് സമയം വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചുവെന്നാണ് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഉയര്‍ത്തുന്ന വാദം. കെ ബാബുവിന്റെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സ്വരാജ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തനിക്കു വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പനു ദൈവകോപം ഉണ്ടാകുമെന്നു പറഞ്ഞ് കെ.ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജിയില്‍ പറയുന്നത്.
സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ എം സ്വരാജ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിധി പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്നും പ്രോസിക്യൂഷന് സാക്ഷിമൊഴികള്‍ സംശയത്തിന് അതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് ഭാഗത്തു നിന്ന് സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികള്‍ പറഞ്ഞതൊന്നും വിശ്വാസ്യയോഗ്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ലതാന്‍ തോറ്റാല്‍ മണ്ഡലത്തില്‍ അയ്യപ്പന് തോല്‍ക്കുന്നതിന് തുല്യമാണെന്ന് കെ ബാബു പ്രചരിപ്പിച്ചെന്നുമാണ് വാദം. കെ ബാബുവിന്റെ ഫേസ്ബുക്ക് പേജിലെ തെളിവുകളും വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പും തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും ഇക്കാര്യം നേരത്തെ പൊലീസ് പരിശോധിച്ച് തളളിയതാണെന്നുമാണ് കെ ബാബു ഹൈക്കോടതിയില്‍ വാദിച്ചത്.