തിരുവനന്തപുരം – റീജിയണൽ കാൻസർ സെന്റർ ആശുപത്രിയില്‍ മരുന്ന് മാറി നൽകി വരുത്തിയത് ഗുരുതര പിഴവ്. രണ്ടായിരത്തിലധികം രോഗികള്‍ക്കാണ് മരുന്ന് മാറിനല്‍കിയതായി കണ്ടെത്തിയത്. തലച്ചോറിലെ കാന്‍സറിന് പകരം ശ്വാസകോശ കാന്‍സറിനുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. കമ്പനി മരുന്ന് പാക്ക് ചെയ്തതിലെ പിഴവാണ് ഇതിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആര്‍സിസി സ്‌റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്. മരുന്ന് നല്‍കിയ എല്ലാ രോഗികളെയും ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. അതേ സമയം ഇത് മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ വ്യക്തമാക്കുകയോ അടിയന്തിര സംവിധാനങ്ങൾ കാണുകയോ ചെയ്തില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
അതിനിടെ മരുന്ന് നൽകിയ ഗ്ലോബെല ഫാര്‍മ കമ്പനിയെ ആശുപത്രി കരിമ്പട്ടികയില്‍പ്പെടുത്തി. ഗുജറാത്ത് ആസ്ഥാനമായ ഈ കമ്പനിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് സംഭവത്തിൽ ഇവർക്കെതിരെ കേസ് നൽകിയത്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. സെഷന്‍സ് കോടതിയിലായിരിക്കും കേസ് പരിഗണിക്കുക. കോടതിയിൽ പ്രാഥമിക റിപ്പോര്‍ട്ടും തൊണ്ടിമുതലും ഹാജരാക്കിയിട്ടുണ്ട്.