കണ്ണൂർ: ആത്മകഥ വിവാദത്തിൽ ഡി.സി ബുക്‌സിന് വക്കീൽ നോട്ടീസ് അയച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. ഡി സി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.
ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാനാണെന്നാണ് ആരോപണം. പുറത്തുവന്നത് താൻ എഴുതിയതല്ലെന്നും തലശ്ശേരിയിലെ മുതിർന്ന അഭിഭാഷകൻ കെ വിശ്വൻ മുഖേന അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ചമച്ചെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഡി.സി ബുക്‌സിനുള്ള വക്കീൽ നോട്ടീസ്.
നിർണായകമായ ചേലക്കര, വയനാട് ഉപതെരഞ്ഞടുപ്പുകൾക്കായി ജനങ്ങൾ പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുമ്പോഴാണ് ഇ.പിയുടെ ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന ആത്മകഥാ പുസ്തക വിവാദം ഇന്നുണ്ടായത്. സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുസ്തകത്തെ വിവാദത്തിലാക്കിയത്.
ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ലെന്നും, താരതമ്യേന ദുർബലമാണെന്നുമുള്ള വിമർശമാണ് ആത്മകഥയിലുള്ളത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാർട്ടിയെ കൂടുതൽ വെട്ടിലാക്കി ഡോ. പി സരിനെതിരെയും പുസ്തകത്തിൽ വെളിപ്പെടുത്തലുണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും സരിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ എന്നുമാണ് ആത്മകഥയിലുള്ളത്.
തന്നെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിലും വൈദേഹി റോസോർട്ട് വിവാദത്തിലും സാന്റിയാഗോ മാർട്ടിൻ ആരോപണങ്ങളിലുമെല്ലാമുള്ള തന്റെ അതൃപ്തിയും പുസ്തകത്തിലുണ്ട്.
എന്നാൽ, ഇതൊന്നും താൻ എഴുതിയതല്ലെന്നും ഇതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നുമാണ് ഇ.പി നിലപാട് അറിയിച്ചത്. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇ.പി പറഞ്ഞു.