ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും വിവാദ പ്രസംഗവുമായി രംഗത്ത്. മലപ്പുറത്തെ തന്റെ പ്രസംഗം വളച്ചൊടിച്ച് കോലം കത്തിച്ചിട്ടും സത്യം മറച്ചുവയ്ക്കാനാകില്ലെന്നും, മുസ്ലിം ലീഗ് ശരീഅത്ത് നിയമം നടപ്പാക്കി മലപ്പുറം സംസ്കാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ കുട്ടനാട്, കുട്ടനാട് സൗത്ത്, മാന്നാർ യൂനിയനുകളുടെ സംയുക്ത നേതൃസംഗമത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളിൽ നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും, മുസ്ലിം വോട്ടുബാങ്ക് ഉപയോഗിച്ച് സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കേരളം ആര് ഭരിക്കണമെന്ന് സമസ്ത തീരുമാനിക്കുന്ന സ്ഥിതിയിലാണെന്നും, രാഷ്ട്രീയക്കാർ മലപ്പുറത്തിന്റെ കൽപ്പനകൾക്ക് അനുസരിച്ച് പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് മുസ്ലിം ലീഗിന്റെ പിന്തുണയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നും, മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം. സുധീരനെയും പോലുള്ളവർ സമുദായത്തിനായി എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
കുട്ടനാട്ടിലെ പിന്നോക്കാവസ്ഥയിൽ ജീവിക്കുന്നവർക്ക് വേണ്ടി എസ്.എൻ.ഡി.പി യോഗം പ്രവർത്തിക്കുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. കുട്ടനാട്ടിൽ വിജയിച്ച എൻ.സി.പിക്ക് നാടിനോടുള്ള പ്രതിബദ്ധത എന്താണെന്നും, നെല്ലിന് വില പോലും ഉറപ്പാക്കാത്ത പരാജയപ്പെട്ട കൃഷിമന്ത്രിയെ കണ്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, മാന്നാർ യൂനിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, കുട്ടനാട് യൂനിയൻ ചെയർമാൻ ബിനീഷ് പ്ലാത്താനത്ത്, മാന്നാർ യൂനിയൻ ചെയർമാൻ കെ.എം. ഹരിലാൽ എന്നിവർ സംസാരിച്ചു. അഡ്വ. പി. സുപ്രമോദ് സ്വാഗതവും സന്തോഷ് ശാന്തി നന്ദിയും പറഞ്ഞു.