തിരുവമ്പാടി/വയനാട്: വയനാട് ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായുള്ള തിരുവമ്പാടി പഞ്ചായത്ത് തല സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബഹളവും വാക്കേറ്റവും. ജനറൽ കൺവീനറെച്ചൊല്ലി പഞ്ചായത്ത് മുസ്‌ലിം ലീഗിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് തെരഞ്ഞെടുപ്പ് കൺവൻഷന്റെ ശോഭ കെടുത്തിയത്.
ഇരുവിഭാഗം ലീഗ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനിടെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന് കസേരയിൽ നിന്ന് നിലത്ത് വീണ് പരുക്കേറ്റു. കാലിന് ചതവേറ്റ പ്രസിഡന്റ് ആശുപത്രിയിൽ ചികിൽസ തേടി.
ഇന്നലെ വൈകീട്ട് അഞ്ചോടെ തിരുവമ്പാടി പ്രിയദർശിനി ഹാളിൽ തുടങ്ങിയ കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് ബഹളം തുടങ്ങിയത്. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കിയത്. എന്നാൽ, ഈ പദവി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടികാട്ടി ഒരുവിഭാഗം പ്രവർത്തകർ രംഗത്തു വരികയായിരുന്നു. ഇതേ തുടർന്നാണ് ബഹളവും വാക്കേറ്റവുമുണ്ടായത്. കൺവൻഷനിലെ പ്രശ്‌നങ്ങളിൽ തങ്ങൾ കക്ഷിയല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
കൺവെൻഷൻ കോഴിക്കോട് എം.പി എം.കെ രഘവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ടി.ജെ കുര്യാച്ചൻ (ചെയർമാൻ), ഷൗക്കത്തലി കൊല്ലളത്തിൽ (ജനറൽ കൺവീനർ), മനോജ് വാഴപ്പറമ്പിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്ക് കൺവെൻഷൻ രൂപം നൽകി.
പ്രിയങ്കാ ഗാന്ധിക്ക് മണ്ഡലത്തിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷം നൽകാനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കാൻ യോഗം ആഹ്വാനം ചെയ്തു. രാഹുൽഗാന്ധിക്ക് ഓരോ ബൂത്തിൽനിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ ലീഡ് നേടിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾ വളരെ ചിട്ടയായി നടത്തണമെന്ന് നേതാക്കൾ ഓർമിപ്പിച്ചു.
ഇന്ന് വൈകീട്ട് രാഹുൽ ഗാന്ധിക്കൊപ്പം റോഡ് മാർഗം വയനാട്ടിലെത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ നാളത്തെ റോഡ് ഷോയും തുടർന്നുള്ള പ്രവർത്തനങ്ങളും ഗംഭീര വിജയമാക്കാനുള്ള നീക്കങ്ങളിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എൻ.കെ പ്രമേചന്ദ്രൻ ഉൾപ്പെടെ വിവിധ പാർട്ടി ഘടകകക്ഷി നേതാക്കളെല്ലാം നാളെ വയനാട്ടിലെത്തുന്നതോടെ പ്രവർത്തകരുടെ ആവേശം വാനോളമെത്തും.
നാളെ രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിക്കും. ശേഷം ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധിയ്ക്കായി വമ്പൻ മുന്നേറ്റമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. വിജയം സുനിശ്ചിതമാണെങ്കിലും ഭൂരിപക്ഷത്തിൽ റെക്കോർഡ് നേട്ടം കാഴ്ചവെക്കാനാണ് ശ്രമം. പ്രിയങ്കയ്ക്കായി വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും.
സി.പി.ഐ നേതാവ് സത്യൻ മൊകേരിയാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി. നവ്യ ഹരിദാസ് ബി.ജെ.പി സ്ഥാനാർത്ഥിയാണ്.