പത്തനംതിട്ട– എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. എസ്എഫ്ഐ യുടെ സമരം നിങ്ങൾ കണ്ടില്ലേ എന്ന് ചോദിച്ചായിരുന്നു പിജെ കുര്യൻ വിമർശിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളെ വല്ലപ്പോഴൊക്കെ ടിവിയിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടം വേദിയിൽ ഇരുത്തിയായിരുന്നു കുര്യൻ വിമർശനം ഉന്നയിച്ചത്. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നിവരും വേദിയിലുണ്ടായിരുന്നു.
“യൂത്ത് കോൺഗ്രസിന്റെ ജില്ല പ്രസിഡന്റുണ്ട്. അദ്ദേഹത്തെ വല്ലപ്പോഴുമൊക്കെ ടിവിയിലൊക്കെ കാണും. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചുകൂട്ടുന്നില്ല. എസ്എഫ്ഐയുടെ സമര നിങ്ങൾ കണ്ടില്ലേ. യൂണിവേഴ്സിറ്റിയിൽ ചെന്ന്, അഗ്രസീവായി യൂത്തിനെ അവരുടെ കൂടെനിർത്തുന്നു.” പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ല നേതൃയോഗത്തിലാണ് പിജെ കുര്യൻ വിമർശനം ഉന്നയിച്ചത്.
സംസ്ഥാന സർക്കാറിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സിപിഎമ്മിന്റെ സംഘടനാസംവിധാനം അടിയുറച്ചതാണെന്നും ഓരോ മണ്ഡലത്തിലും 25 പ്രവർത്തകരെയെങ്കിലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും പിജെ കുര്യൻ പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കിൽ മൂന്ന് സീറ്റില്ലെങ്കിലും വിജയിക്കാമായിരുന്നെന്നും അടൂർ പ്രകാശ് അടക്കമുള്ള നേതാക്കൾ തന്റെ വാക്ക് അവഗണിച്ചെന്നും പിജെ കുര്യൻ കൂട്ടിചേർത്തു. ഇത്തവണയും സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ വലിയ പരാജയം കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിപാടിയിൽ പറഞ്ഞു.