എടപ്പാൾ- സിനിമ മേഖലയിൽ ഉയർന്നു വന്ന പരാതികളിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള. എടപ്പാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖല തകർന്നു പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിനിമാ മേഖലയിൽ ഉള്ളവരെക്കാളും ഉന്നത ഉദ്യോഗസ്ഥരെക്കാളും എത്രയോ നല്ലവരാണ് രാഷ്ട്രീയ പ്രവർത്തകരെന്ന് കെ.ടി.ജലീൽ എം.എൽ.എ അഭിപ്രായപ്പെട്ടു.
ഏതു പാർട്ടിയുടെ നേതാക്കളോ പ്രവർത്തകരോ ആവട്ടെ, ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നത് പൊതുപ്രവർത്തകരെയാണെന്നും ജലീൽ എടപ്പാളിൽ പറഞ്ഞു. സാംസ്കാരിക നായകന്മാർ രാഷ്ട്രീയക്കാരെ എപ്പോഴും വിമർശിക്കുന്നവരാണ്. സിനിമാനടന്മാരാകട്ടെ രാഷ്ട്രീയ നേതാക്കളെ മ്ലേച്ഛന്മാരായി കാണുന്നവരാണ് .എന്നാൽ ഇവരുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്നത് പുറത്തു വരുമ്പോഴാണ് പൊതുപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എല്ലാവരുടെയും മുന്നിൽ നിൽക്കുന്നവരാണ് എന്ന് മനസ്സിലാകുന്നത്. സിനിമ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും കണിശമായ നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ആർക്കും ഇതിൽ ഒരു പരിഗണനയും ലഭിക്കുകയില്ലെന്നും കെ .ടി ജലീൽ പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം അപവാദങ്ങളുടെ തലങ്ങളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ 15 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതായിരുന്നു ഗോവ ഗവർണർ കൂടിയാ ശ്രീധരൻ പിള്ള.