- എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ലെന്നും ഡോ. കെ.ടി ജലീൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കടുത്ത തലവേദനയായി മാറിയ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി തവനൂർ എം.എൽ.എയും മുൻ മന്ത്രിയുമായ ഡോ. കെ.ടി ജലീൽ രംഗത്ത്.
വർഗീയ താൽപര്യമുള്ളവർ എല്ലാ കാലത്തും പോലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷത ദുർബലമാകും. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ലെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. അൻവർ പോലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപോർട്ട് വന്നാലെ കാര്യങ്ങൾ വ്യക്തമാവൂ. എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല. നടപടി ഉണ്ടായേ തീരൂ. ആർ.എസ്.എസ്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായൊന്നും കൂടിക്കാഴ്ച പാടില്ലെന്നും ജലീൽ പറഞ്ഞു.
അൻവർ പി ശശിയെക്കുറിച്ചും ഇ.എൻ മോഹൻദാസിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളോടും യോജിപ്പല്ല. അൻവറുമായുള്ള രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും സൗഹൃദം തുടരുമെന്നും പാർട്ടി പറഞ്ഞാൽ അൻവറിനെതിരേ പ്രചാരണത്തിന് ഇറങ്ങുമെന്നും കെ.ടി ജലീൽ പ്രതികരിച്ചു.
അൻവറിന്റെ ആരോപണങ്ങളുടെ തുടക്കത്തിൽ ശക്തമായി കൂടെ നിന്നെങ്കിലും കെ.ടി ജലീലിന്റെ പിന്മാറ്റം പാലം വലിച്ചതിന് തുല്ല്യമാണെന്നും വിലയിരുത്തലുണ്ട്. ജലീലിനെ കൂടെ നിർത്താനായത് ഇപ്പോൾ സി.പി.എമ്മിന്റെ നേട്ടമാണെന്നും ഇതിന് പിന്നിൽ രാജ്യസഭാ ഓഫർ അടക്കമുണ്ടെന്നും ആരോപണങ്ങളുണ്ട്.