മലപ്പുറം: മലപ്പുറം ജില്ലയിലെ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി പത്തരോടെയാണ് അപകടം. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. ബസ് പത്തടിയോളം താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
പരുക്കേറ്റ 28 പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപോർട്ട്.
തൊട്ടിൽപ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 56 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. നാട്ടുകാരും മറ്റു വാഹനങ്ങളിൽ സ്ഥലത്തെത്തിയവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ പിന്നിലെ ഗ്ലാസ് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ബസ് സ്ഥലത്ത് നിന്ന് ഉയർത്താനായിട്ടില്ല. ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാർ പ്രതികരിച്ചു.