പത്തനംതിട്ട– കെ.എസ്.ആര്‍.ടി.സി പാക്കേജില്‍ ഗവിയിലേക്ക് പോയ ബസ് വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് യാത്രാസംഘം വനത്തില്‍ കുടുങ്ങിയത്. 38 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ് കേടായ വിവരം ഡിപ്പോയില്‍ അറിയിച്ചിട്ടും ആദ്യം പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു.
പുലര്‍ച്ചെ കൊല്ലം ചടയമംഗലത്ത് നിന്നാണ് ഗവി യാത്ര ആരംഭിച്ചത്. കേടായ ബസിനു പകരം ഡിപ്പോയിൽ നിന്ന് അയച്ച ബസും തകരാറിലായെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ബസ് തകരാറിലായ വിവരം കിട്ടിയപ്പോള്‍ തന്നെ മെക്കാനിക്കിനെ ഉള്‍പ്പെടെ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വനാതിര്‍ത്തി കടന്ന് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് വണ്ടി ബ്രേക്ക് ഡൗണ്‍ ആയത്. പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണെന്ന് യാത്രക്കാര്‍ പറഞ്ഞു.