തിരുവനന്തപുരം– കോളജ് അധ്യാപകര്‍ക്ക് യു.ജി.സി ഏഴാം ശമ്പളപരിഷ്‌കരണ കുടിശ്ശികയിനത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു. 2016 ജനുവരിമുതല്‍ 2019 മാര്‍ച്ച് വരെ ഉള്ള കാലയളവിലെ 39 മാസത്തെ ശമ്പള പരിഷ്‌കരണ കുടിശ്ശിക 1500 കോടി രൂപ 10000 കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. കുടിശ്ശികയുടെ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട പകുതി 750 കോടിരൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയത്.
യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പള കുടിശ്ശിക കോളേജ് അധ്യാപകര്‍ക്ക് നല്‍കിയെന്ന് നവകേരള സദസ്സിലെ വിവിധ വേദികളില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമസഭയിലെ എം. വിന്‍സെന്റ് എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി ബിന്ദു നല്‍കിയ മറുപടിയും അനുബന്ധ രേഖകളും യു.ജി.സി ശമ്പള കുടിശ്ശിക നല്‍കിയിട്ടില്ലെന്നാണ് വ്യകത്മാക്കുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ധനസഹായം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
750 കോടി രൂപ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നല്‍കാതിരിക്കാന്‍ കേന്ദ്രഫണ്ട് നഷ്യപ്പെടുത്തിയെന്നാണ് കെ.പി.സി.സി.എ ആരോപിക്കുന്നത്. സംഘടന നേതാക്കളായ ഡോ.പ്രേമചന്ദ്രന്‍ കീഴാറോത്ത്, റോണി ജോര്‍ജ്, ഡോ ജോബിന്‍ ചാമക്കാല എന്നിവരാണ് സർക്കാറിനെതിരെ ഹര്‍ജി നല്‍കിയത്. തുക വിതരണം ചെയ്തതിന് ശേഷം റീ ഇമ്പേഴ്‌സ്‌മെന്റ് സ്‌കീമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. തുക കൊടുത്ത് വീട്ടിയാലേ കേന്ദ്ര വിഹിതം കിട്ടൂ എന്ന് പലതവണ വ്യക്തമാക്കിയിട്ടും തുക നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രപോസൽ സമര്‍പ്പിച്ചത് യു.ജി.സി ശമ്പള പരിഷ്‌കരണ കുടിശ്ശിക ആസൂത്രിതമായി ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.