കോഴിക്കോട്: കനോലി കനാൽ കേന്ദ്രീകരിച്ച് കോഴിക്കോട്ട് കനാൽ സിറ്റി യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച കോഴിക്കോട് ടൗൺഹാൾ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കനാൽ സിറ്റി ചരക്കു ഗതാഗതത്തിനും സഞ്ചാരത്തിനുമുള്ള പ്രധാന മാർഗമായി മാറും. കോവളം മുതൽ ബേക്കൽ വരെയുള്ള ജലഗതാഗത പദ്ധതിക്ക് ഇതിനകം തന്നെ 1118 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മെട്രോ പ്ലാനിംഗ് കമ്മിറ്റി രൂപീകരണം പുതിയ വർഷ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരവത്കരണത്തിന്റെ പ്രധാന ഗുണഭോക്താക്കൾ കോഴിക്കോട്ടുകാരാകും. കോർപറേഷന്റേത് കാലം തേടുന്ന ഉത്തരവാദിത്ത നിർവഹണമാണെന്നും പുതിയ കണക്കുകൾ പ്രകാരം വിദേശ സഞ്ചാരികളുടെ വരവിൽ റെക്കോർഡ് നേട്ടമാണ് കോഴിക്കോടിന്റേതെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്ടെ വികസന പ്രവർത്തികൾ സംബന്ധിച്ച് തൽപര കക്ഷികൾ നടത്തുന്ന കുപ്രചാരണങ്ങൾക്ക് തടയിടും. സംസ്ഥാന സർക്കാരും കോർപ്പറേഷനും ഒട്ടനവധി വികസന മാതൃകകളാണ് സാക്ഷാത്കരിച്ചത്. ഇതിനാവശ്യമായ പ്രചാരണം നൽകുകയും കുപ്രചാരണങ്ങൾക്കെതിരെ നിലയുറപ്പിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങിൽ മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ മുഖ്യാതിഥിയായി. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണകുമാരി, പി സി രാജൻ, ഒ പി ഷിജിന, എസ് ജയശ്രീ, പി കെ നാസർ, കൗൺസിലർ എസ് കെ അബൂബക്കർ, മുൻ എംഎൽഎ എ പ്രദീകുമാർ, മുൻ മേയർ ടി പി ദാസൻ, തുടങ്ങിയവർ സംബന്ധിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ് സ്വാഗതവും സൂപ്രണ്ടിങ് എഞ്ചിനീയർ ദിലീപ് നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് കലാസാംസ്‌കാരിക സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ വിത്സൺ സാമുവൽ, കെ സലാം, നിതീഷ് കാർത്തിക്, ജയദേവൻ, മോഹൻ മുല്ലമല, നൗഷാദ് അരീക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങറി.
നവീകരിച്ച കോഴിക്കോട് ടൗൺഹാൾ നാടിന് സമർപ്പിച്ചു; കരുണാർദ്രതയോടെയുള്ള വികസനമാണ് കോർപ്പറേഷൻ നയമെന്ന് മേയർ

കോഴിക്കോട്: ചരിത്രമുറങ്ങുന്ന സാഹിത്യ നഗരത്തിന്റെ ഓർമകൾക്ക് കൂടുതൽ നിറവ് പകർന്ന് നവീകരിച്ച കോഴിക്കോട് ടൗൺഹാൾ നാടിന് സമർപ്പിച്ചു. അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ടൗൺഹാൾ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
കഴിഞ്ഞ സെപ്തംബറിലാണ് നവീകരണ പ്രവർത്തികൾക്കായി ടൗൺഹാൾ അടച്ചത്. പൈതൃക സ്വഭാവം നിലനിർത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചത്.
നവീകരിച്ച ടൗൺഹാളിലെ വേദി തടി കൊണ്ട് അലങ്കരിക്കുകയും ഇരുവശങ്ങളിലെയൂം കർട്ടനുകൾ മാറ്റി മരത്തിന്റെ പാളികളാക്കുകയും ചെയ്തു. പഴയ കസേരകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ചുമരിലെ ലൈറ്റുകൾ പുരാതന ശൈലിയിലുള്ളതാക്കി. വൈദ്യുതി വയറുകൾ മാറ്റി ഹാളും അനുബന്ധ കെട്ടിടങ്ങളും പെയിന്റടിക്കുകയും ചെയ്തു. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തികളുടെ ഭാഗമായി പൂർത്തിയാക്കയതായി കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.
കരുണാർദ്രതയോടെയുള്ള വികസനമാണ്് കോർപ്പറേഷന്റെ നയമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി. 65 കോടി രൂപ ചെലവിൽ നടക്കുന്ന ടാഗോർ ഹാളിലെ നിർമാണ പ്രവർത്തികൾ വൈകാതെ ആരംഭിക്കുമെന്നും 2000 ആളുകൾക്ക് ഇരിക്കാവുന്ന ഒരു പ്രധാന ഹാളും 400 പേരെ ഉൾകൊള്ളാവുന്ന മറ്റു ചെറിയ ഹാളുകളുമാണ് ഒരുങ്ങുന്നതെന്നും മേയർ അറിയിച്ചു.
ഇടക്കാലത്ത് ടാഗോർ ഹാളിൽ താത്കാലിക ഹാളും സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിരം നാടക വേദി ആലോചിക്കുന്നുവെന്നും സാഹിത്യ നഗര പദവിയുടെ ആസ്ഥാനമായി നിശ്ചയിച്ച ആനക്കുളം സാംസ്‌കാരിക നിലയത്തിന്റെ നവീകരണ പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തുറന്നു നൽകുമെന്നും മേയർ പറഞ്ഞു.
