വയനാട്: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വോട്ട് പിടിക്കാന്‍ പരമാവധി നേതാക്കള്‍ ഇന്ന് കളത്തിലിറങ്ങും. പാലക്കാട് ഇന്ന് യുഡിഎഫിന്റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകളും നടക്കും. വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുല്‍ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം വൈകിട്ട് തിരുവമ്പാടിയിലും കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്ഷോകളില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ,വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യുഡിഎഫും എന്‍ഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തില്‍ കണ്ണാടിയില്‍ നിന്ന് ആരംഭിക്കുന്ന കര്‍ഷകരക്ഷാ ട്രാക്ടര്‍ മാര്‍ച്ച് കെ.മുരളീധരന് ഉദ്ഘാടനം ചെയ്യും. നെല്ലിന്റെ സംഭരണം പാളിയതടക്കം കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചുള്ള ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നുണ്ട്.