കോട്ടയം: ബാർ ഉദ്‌ഘാടന ദിവസം മദ്യത്തിന്റെ അളവ് ചോദ്യം ചെയ്‌തവരെ ഗ്ളാസ് കൊണ്ട് എറിഞ്ഞ ജീവനക്കാരൻ അറസ്‌റ്റിൽ. കുറവിലങ്ങാട് വെമ്പള്ളി ഏകചക്ര റസിഡൻസിയിലാണ് സംഭവം. ജീവനക്കാരനായ കുമരകം ചേലയ്‌ക്കപ്പിള്ളിൽ ബിജു സി.രാജുവാണ്(42) അറസ്റ്റിലായത്. കുറവിലങ്ങാട് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്.
വെമ്പള്ളി തെക്കേ കവലയിൽ ഞായറാഴ്‌ചയാണ് പുതിയ ബാർ ഉദ്‌ഘാടനം ചെയ്‌തത്. മദ്യത്തിന്റെ അളവ് കുറഞ്ഞത് ഒരു നാട്ടുകാരൻ ചോദ്യം ചെയ്‌തു. ഇത് ഇഷ്‌ടപ്പെടാതെ ബിജു ഇയാളെ പിടിച്ചുതള്ളുകയും കൗണ്ടറിലിരുന്ന ഗ്ളാസെടുത്ത് ദേഹത്തേക്ക് എറിയുകയുമായിരുന്നു. തുടർന്ന് ആ സമയം കൗണ്ടറിന് മുന്നിൽ നിന്നവരെയെല്ലാം ബിജു കുപ്പിഗ്ളാസുകളെടുത്ത് എറിയുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്‌തു. രാത്രി എട്ട് മണിയോടെ നടക്കുന്ന സംഭവത്തിന്റെ ബാറിലെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാരെ ഇതിനിടെ ബിജു മർദ്ദിച്ചു എന്നും പരാതിയുണ്ട്.