കോഴിക്കോട്: സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ കൊടുവള്ളിയിൽ ജ്വല്ലറി ഉടമയെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന കേസിൽ അഞ്ചു പേർ പിടിയിൽ. കവർച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ രമേശ് ഉൾപ്പടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി വടകര റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
ജ്വല്ലറി ഉടമയായ കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവിൽനിന്നും രണ്ട് കിലോ സ്വർണമാണ് പ്രതികൾ കവർന്നത്. ബൈജുവിന്റെ ജ്വല്ലറിക്ക് സമീപമാണ് രമേശിന്റെ ആഭരണനിർമാണ കടയുമുള്ളത്. രമേശിനെ കൂടാതെ വിപിൻ, ഹരീഷ്, വിമൽ, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.3 കിലോ സ്വർണം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘാംഗമായ തൃശൂർ സ്വദേശി സിനോയിയെ കൂടി പിടികൂടാനുണ്ട്.
12 ലക്ഷം രൂപ മുടക്കിയാണ് സുഹൃത്തായ രമേശ് ബൈജുവിനെതിരേ ക്വട്ടേഷൻ നൽകിയത്. തനിക്കെതിരെ സംശയം തോന്നാതിരിക്കാൻ രമേശ് ആക്രമിക്കപ്പെട്ട ബൈജുവിനെ കാണാനുമെത്തിയിരുന്നു. ബൈജുവിന്റെ വരവും പോക്കുമെല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷമായിരുന്നു കവർച്ച. പ്രദേശത്തുള്ള പ്രതികളിൽ ഒരാളാണ് വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയത് വ്യാജ നമ്പർ പ്ലേറ്റ് വെച്ച കാറിലായിരുന്നു പ്രതികൾ കൊള്ള നടത്തിയിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജുവിനെ കാറിലെത്തിയ അക്രമി സംഘം രാത്രി ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തെറിച്ചുവീണ ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും പിന്നാലെ ബാഗിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണവുമായി മുങ്ങുകയായിരുന്നു.