കൊച്ചി: കുലുക്കി സർബത്തിന്റെ മറവിൽ ചാരായ വിൽപന നടത്തിവന്ന രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. കാക്കനാടാണ് സംഭവം. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ 20 ലിറ്റർ ചാരായം, 950 ലിറ്റർ വാഷ്, ചാരായ നിർമാണത്തിന് ഉപയോഗിക്കുന്ന വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
കഴിഞ്ഞദിവസം ജില്ലയിൽ കോതമംഗലത്ത് നടത്തിയ പരിശോധനയിൽ എക്‌സൈസ് സംഘം വാറ്റു കേന്ദ്രം തകർത്തു. മാമലക്കണ്ടത്ത് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ മുനിപ്പാറയിലെ വാറ്റു കേന്ദ്രമാണ് തകർത്തത്. കുട്ടമ്പുഴ മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രമാണ് കുട്ടമ്പുഴ എക്‌സൈസ് പാർട്ടിയും എറണാകുളം ഐ.ബിയും ചേർന്ന് നശിപ്പിച്ചത്. ഓണക്കാലത്തേക്ക് ചാരായം വാറ്റാനായി തയ്യാറാക്കിയ 350 ലിറ്റർ വാഷും കോട സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും കസ്റ്റഡിയിൽ എടുത്തു.
ഓണക്കാലത്തെ സ്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷ്യൽ ഡ്രൈവിൽ മലയോര മേഖലകളിൽ കൂടുതൽ റെയ്ഡുകൾ തുടരുമെന്ന് കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രമേശ് കഴിഞ്ഞദിവസം അറിയിച്ചു. കുട്ടമ്പുഴ അസിസ്റ്റന്റ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാജൻ പോൾ നേതൃത്വം നൽകിയ റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.പി. പോൾ, പ്രിവന്റീവ് ഓഫീസർ എം.കെ. ബിജു, പി.വി. ബിജു, എക്‌സൈസ് ഡ്രൈവർ നന്ദു ശേഖരൻ, എറണാകുളം ഐ.ബിയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ യൂസഫലി എന്നിവരാണ് പങ്കെടുത്തത്.