കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച വരാനിരിക്കെ വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാ ഭരണകൂടം. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. എല്‍ഡിഎഫിന്റെ കെ.കെ.ശൈലജയും യുഡിഎഫിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്. ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കാനിരിക്കെ ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്.
ഇടതുപക്ഷത്തിന് വലിയ വിജയമുണ്ടാകുമെന്ന് ശൈലജ പ്രതികരിച്ചു. വടകരയില്‍ തോല്‍ക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു ശൈലജയുടെ പ്രതികരണം.
വടകരയിലെ വോട്ടെണ്ണിക്കഴിയുമ്പോള്‍ വലിയ ആഹ്ലാദമാകും യുഡിഎഫ് ക്യാമ്പിലുണ്ടാവുകയെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.