തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് രണ്ട് നിയമസഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. വടകരയിൽ ഷാഫി പറന്പിലും ആലത്തൂരിൽ കെ.രാധാകൃഷ്ണനും വിജയിച്ചതോടെയാണ് പാലക്കാട്ടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്.
2021 ൽ കോൺഗ്രസിലെ സി.എസ്. ശ്രീകുമാറിനെ 39400 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.രാധാകൃഷ്ണൻ നിയമസഭയിൽ എത്തിയത്. രണ്ടാം പിണറായി സർക്കാരിൽ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ഇരിക്കെയാണ് ആലത്തൂർ തിരികെ പിടിക്കാൻ പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത്.
2011 മുതൽ പാലക്കാട് നിന്നുള്ള നിയമസഭാംഗമായ ഷാഫി പറന്പിൽ ശക്തമായ പോരാട്ടത്തിൽ സിപിഎമ്മിലെ കെ.കെ. ഷൈലജയെ പരാജയപ്പെടുത്തിയാണ് പാർലമെന്റിലേക്ക് പോകുന്നത്. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഇ. ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി നിയമസഭയിൽ ഹാട്രിക്ക് വിജയം നേടിയത്.
രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തുകയാണെങ്കിൽ വയനാട്ട് ലോക്സഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങും.