തിരുവനന്തപുരം– സംസ്ഥാനത്ത് ചൂട് കൂടുന്നതിനോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴക്കും കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 24 മുതല്‍ 27 വരെ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. കോഴിക്കോട് ഇന്ന് പരാമാവധി താപനില 38 ഡിഗ്രിയിലേക്കുയരാനാണ് സാധ്യത. പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രിയും തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രിയും വരെ ചൂട് ഉയരും. ഈര്‍പ്പമുളള ചൂട് കാരണം മലയോരമേഖലകള്‍ ഒഴികെയുളള പ്രദേശങ്ങളില്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ മുന്നറിയിപ്പ് പ്രകാരം ഏപ്രില്‍ 25ന് രാത്രി 11.30 വരെ കേരളാ തീരത്ത് 0.8 മുതല്‍ 1.7 മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും 1.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ പ്രതീക്ഷിക്കുന്നു. തീരദേശങ്ങളില്‍ കടലാക്രമണ സാധ്യതയുള്ള സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, തീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്നും നിര്‍ദേശം.
ഏപ്രില്‍ 24 മുതല്‍ 27 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ള സമയങ്ങളില്‍ തുറസ്സായ ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും വൈദ്യുതോപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാനുമാണ് നിര്‍ദേശം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.