ന്യൂ ഡൽഹി– പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായി. കേസ് നാലാഴ്‌ചയ്ക്കകം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനമടക്കം എല്ലാ കക്ഷികൾക്കും മറുപടി സത്യവാങ്‌മൂലം സമർപ്പിക്കാൻ നോട്ടീസ് അയച്ചു.
വിദ്യാർത്ഥികൾക്ക് താത്കാലികമായി പ്രശ്നമുണ്ടാകാതിരിക്കാനാണ് കേരളം അപ്പീൽ നൽകാതിരുന്നതെന്ന് സുപ്രീംകോടതിയിൽ സർക്കാർ വിശദീകരിച്ചു. റാങ്ക് പട്ടിക മാറ്റം ഈ ഘട്ടത്തിൽ ഇടപെടുന്നത് പ്രവേശനത്തിൽ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇതിനെതിരെ സിബിഎസ്ഇ വിദ്യാർത്ഥികളും തടസഹർജി നൽകിയിരുന്നു.
പ്രോസ്പെക്‌സിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ടെന്നായിരുന്നു കേരള സിലബസ് വിദ്യാർത്ഥികളുടെ വാദം. എന്നാൽ റാങ്ക് പട്ടിക പ്രഖ്യാപിക്കാനുള്ള ഒരു മണിക്കൂർ മുൻപാണ് ഫോർമുലയിൽ മാറ്റം വരുത്തിയതെന്നും ഇത് നിയമവിരുദ്ധമാണെന്നും സിബിഎസ്ഇ വിദ്യാർത്ഥികളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ, അടുത്ത ഘട്ടം വരെ നിലവിലുള്ള റാങ്ക് പട്ടികയനുസരിച്ചായിരിക്കും പ്രവേശനം മുന്നോട്ട് പോകുക.