തിരുവനന്തപുരം– ഡോക്ടറും ജനപ്രതിനികളും നിരവധി തവണ വിളിച്ചിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ചപ്പോള്‍ കുരിശുമല തീര്‍ത്ഥാടനത്തില്‍ ആയതിനാല്‍ ആംബുലന്‍സ് വിട്ട് നല്‍കാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് പറഞ്ഞു.
രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വേണം, നിലവിലുള്ള ഓക്‌സിജന്‍ രണ്ട് മണിക്കൂറിനുള്ളില്‍ തീരുമെന്ന് അറിയിച്ചിട്ടും ആംബുലന്‍സ് വിട്ട് നൽകിയില്ല. 4 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 2 ആംബുലന്‍സ് ഉണ്ടായിട്ടും ഒരെണ്ണം പോലും ലഭ്യമാക്കിയില്ല. തുടര്‍ന്ന് മറ്റൊരു ആംബുലന്‍സ് വിളിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്ത് വച്ച് ആന്‍സിയെ അതിൽ കൊണ്ടു പോവുകയായിരുന്നു. അമരവിള എത്തിയപ്പോള്‍ അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ആംബുലൻസിൽ വെച്ച് തന്നെ ആന്‍സി മരണപ്പെട്ടു.
പലതവണ ആംബുലന്‍സിനെ വിളിച്ചെങ്കിലും വളരെ ദയനീയമായ കാര്യമാണ് സംഭവിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജഹന്‍ കുടപ്പനമൂട് പറഞ്ഞു. ആന്‍സിയെ ആശുപത്രിയിലെത്തിക്കാന്‍ ഒപ്പം നിന്ന ആളായിരുന്നു ഇദ്ദേഹം. വെള്ളറട, പാറശാല എന്നിവിടങ്ങളിലെ രണ്ട് ആംബുലന്‍സുകളും സ്‌പെഷല്‍ ഡ്യൂട്ടിയിലാണെന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പറഞ്ഞത്. ഇതിനാൽ 108 ആംബുലൻസിനെതിരെ പരാതി നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനി പറഞ്ഞു.