തിരുവനന്തപുരം– ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളം ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരുന്നത് തടയാന്‍ സംസ്ഥാനത്ത് കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.
ഇതിനുമുമ്പ് 2006-2007 കാലഘട്ടത്തില്‍ റീയൂണിയന്‍ ദ്വീപുകളില്‍ ആരംഭിച്ച ചിക്കന്‍ഗുനിയ പിന്നീട് ഇന്ത്യയിലേക്കും കേരളത്തിലേക്കും വ്യാപിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അതേ ദ്വീപുകളില്‍ പതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ) വിദഗ്ധരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ചിക്കന്‍ഗുനിയ പ്രധാനമായും പടരുന്നത് ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളിലൂടെ ആണ്. അതുകൊണ്ട് തന്നെ കൊതുകുകളുട വ്യാപനം തടയാനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും, വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ചിക്കന്‍ഗുനിയ ബാധിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള പനിയും അതികഠിനമായ സന്ധിവേദനയും കാണപ്പെടുന്നു. കൂടാതെ തലവേദന, ക്ഷീണം, ചൊറിച്ചില്‍ എന്നിവയും അനുഭവപ്പെടാറുണ്ട്. ഈ വിധത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും, സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗം പഴയതായി പരിഗണിച്ച് അവഗണിക്കരുതെന്നും, രോഗം വീണ്ടും സജീവമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.