തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ആടുത്ത ആഴ്ച മുതൽ 1600 രൂപ വീതം പെൻകാർക്ക് ലഭിച്ചു തുടങ്ങും. നിലവിൽ മൂന്ന് ഗഡു പെൻഷനാണ് കൊടുക്കാൻ ഉണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
അടുത്ത ആഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്. ബാക്കിയുള്ള തുക അടുത്ത സാമ്പത്തിക വർഷത്തിൽ കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.
കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയത് കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ട്.