തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവുവരുത്തി സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. കാറ്റഗറി ഒന്നിൽപ്പെടുന്ന ഉത്പാദന യൂണിറ്റുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിലെ ഗ്രീൻ, വൈറ്റ് വിഭാഗത്തിലെ സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി വേണ്ടി വരില്ല. രജിസ്ട്രേഷൻ മാത്രം മതി. അതേസമയം റെഡ്, ഓറഞ്ച് സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്.
മദ്യോത്പാദന കമ്പനികൾക്ക് ഇളവുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്രൂവറി ഏതു കാറ്റഗറിയിലാണ് എന്ന ചോദ്യത്തിനും പരിശോധിക്കണമെന്നാണ് മന്ത്രി മറുപടി നൽകിയത്. അതേസമയം ഡിസ്റ്റിലറികൾ റെഡ് കാറ്റഗറിയിലാണെന്നാണ് വ്യവസായ, എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തദ്ദേശ മന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിലും മദ്യശാലകളുടെ കാറ്റഗറി വ്യക്തമാക്കുന്നില്ല.
എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയ്ക്ക് വേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. എന്നാൽ ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്ക് വേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സർക്കാ നിയോഗിച്ച സമിതിയുടെ ശുപാർശകളാണ് അംഗീകരിച്ചത്.