കാസര്‍കോട്– പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനെതിരെ നിഷേധാത്മകമ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് രണ്ടാം സർക്കാറിന്റെ നാലാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം തകരട്ടെ എന്ന മനോഭാവമായിരുന്നി കേന്ദ്രത്തിന്. പക്ഷെ ഇവയെല്ലാം അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തകാലത്തെ അതിജീവിച്ച കേരളത്തിന്റെ ഒരുമയും സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും എടുത്ത് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
നമ്മുടെ നാടിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും വിധമുള്ള മഹാമാരികളും പ്രകൃതി ദുരന്തങ്ങളുമുണ്ടായി. ഈ അവസരത്തിൽ സംസ്ഥാന സര്‍ക്കാറിനോടൊപ്പം നിന്ന് അതിജീവനത്തിന് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. പക്ഷേ ഒരു ഘട്ടത്തിലും അതുണ്ടായിട്ടില്ല. നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതായത് കൊണ്ട് തന്നെ ജനങ്ങൾ സര്‍ക്കാറിനൊപ്പം നില്‍ക്കുന്ന നിലപാടെടുത്തു, ലോകമാകെ ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീടുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാറിനൊപ്പം നിന്ന് അതിജീവനത്തിന് കരുത്തുപകരേണ്ട പ്രതിപക്ഷവും കേന്ദ്രസര്‍ക്കാറിനൊപ്പമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരോധം വച്ചുകൊണ്ട് മാധ്യമങ്ങളും ഇത്തരത്തില്‍ നിലപാടെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് ഇന്ന് കാസര്‍കോട് തുടക്കമായത്. വാർഷികാഘോഷത്തിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് പരിപാടിയുടെ സമാപനം.