കോഴിക്കോട് – കേരളം ഇന്ന് ചെറിയ പെരുന്നാളിന്റെ നിറവില്‍. നാടിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. ഉത്തരേന്ത്യയിലും ദല്‍ഹിയിലും നാളെയാണ് പെരുന്നാള്‍. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ ഇസ്‌ളാം മത വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.
വ്രതാനുഷ്ടാനത്തിലൂടെ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായി പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞും പരസ്പരം സ്‌നേഹം പങ്കിട്ടും ആശംസകള്‍ കൈമാറിയും നാടെങ്ങും ചെറിയ പെരുന്നാളിന്റെ ആഘോഷ തിമര്‍പ്പിലാണ്.
മുഖ്യമന്ത്രിയും ഗവര്‍ണ്ണറും വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ ചെറിയ പെരുന്നാളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റി ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ഫിത്തറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍.ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.