ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗിന്റെ പതാക ഒഴിവാക്കിയതിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ കാര്യം നോക്കാൻ തങ്ങള്‍ക്കറിയാമെന്നും മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നും കെ.സി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏക അജണ്ട രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുകയാണ്. മോദിയെക്കുറിച്ച് പിണറായി ഒരക്ഷരം മിണ്ടുന്നില്ല. രാഹുലിനെതിരെയുള്ള വിമര്‍ശനം തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.
കോണ്‍ഗ്രസിന്റെ പരിപാടികള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കറിയാം. സിദ്ധാര്ഥനെപ്പോലുള്ളവര്ക്ക് നീതി കിട്ടാനാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കേണ്ടത്. എന്തുകൊണ്ടാണ് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും കെ.സി. പ്രതികരിച്ചു.