കോഴിക്കോട് – ഹിത പരിശോധന നടത്തിയ ശേഷം വിവിധ കാറ്റഗറൈസ്ഡ് അധ്യാപക സംഘടനകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം. ഈയിടെ പുറത്തിറങ്ങിയ സര്‍ക്കുലറും ഇതുമായി ബന്ധപ്പെട്ട് കേരളാ വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ കുറിപ്പുകളുമാണ് ഇതിനകം പ്രതിഷേധത്തിനിടയാക്കിയത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ അധ്യാപക സംഘടനകളുടെ ഹിത പരിശോധന നടത്താനാണ് കേരളാ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാറ്റഗറൈസ്ഡ് സംഘടനകളെ ഒഴിവാക്കാനുള്ള നീക്കമാണ് ഇതിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്നും ഇത് നിലവിലെ കേരളാ വിദ്യാഭ്യാസ ചട്ടത്തിന് വിരുദ്ധമാണെന്നും സഘടനകള്‍ എടുത്തുപറയുന്നു. കേരളാ വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശങ്ങളെ സംഘടനകള്‍ തള്ളിക്കളയുന്നതായി ഇതിനകം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുമുണ്ട്. അറബി, ഉറുദു, സംസ്‌കൃത ഭാഷാ അധ്യാപക സംഘടനകള്‍, കേരളാ പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍, ഗവണ്‍മെന്റ് ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍, ഹയര്‍സെക്കണ്ടറി അധ്യാപക സംഘടനകള്‍ എന്നിവരെയെല്ലാം സാരമായി ബാധിക്കുന്നതാണ് പുതിയ നീക്കം.
കേന്ദ്ര സര്‍ക്കാര്‍ സ്വേച്ഛാധിപത്യ-ഫാഷിസ്റ്റ് പ്രവണതകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളും, വ്യത്യസ്തതകളും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങളെന്നും പൊതുവിദ്യാഭ്യാസമേഖലക്കും, പൊതുസമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകളെ ഹിതപരിശോധന വഴി ഇല്ലാതാക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കെഎടിഎഫ് സംസ്ഥാന ജനറല്‍സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട് ആവശ്യപ്പെട്ടു.
കേരള വിദ്യാഭ്യസ ചട്ടം ഭേദഗതി വരുത്താനുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ സംഘടനകളെ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണല്ല. ഭരണഘടനയില്‍ ഒരിടത്തും പ്രതിപാദിച്ചിട്ടില്ലാത്ത ഹിത പരിശോധന എന്ന കാര്യം കെ ഇ ആറില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപക സംഘടനകളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നടത്തുന്ന നീക്കങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യ – മതേതരത്വ പാരമ്പര്യങ്ങളെയും ഭരണഘടന വിഭാവനം ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടുകളെയും തള്ളികളയുന്നതിന് തുല്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ”കേരളാ ഹൈക്കോടതിയുടെ 2010 മാര്‍ച്ച് 26 ലെ വിധിന്യായത്തില്‍ അധ്യാപക സംഘടനകളുടെ റഫറണ്ടം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ട് 15 വര്‍ഷം പിന്നിട്ടുവെന്നും ഇപ്പോള്‍ അടിയന്തരമായ ഒരു ഹിതപരിശോധന നടത്തേണ്ട സാഹചര്യം നിലവിലില്ലല. ഹൈക്കോടതി കെ.ഇ. ആര്‍ അധ്യായം പതിനാല്-സി റൂള്‍ 51, 52 ന്റെ അടിസ്ഥാനത്തിലാണ് റഫറണ്ടം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേരളത്തിലെ വിദ്യഭ്യാസ രംഗത്തെ സാഹചര്യങ്ങള്‍ വിശദമായ പഠിച്ചതിന് ശേഷമാണ് കേരള വിദ്യഭ്യാസ ചട്ടം രൂപീകരിച്ചിട്ടുള്ളത്. അതില്‍ അധ്യാപക സംഘടനകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഏതൊന്നും മാറ്റേണ്ട സാഹചര്യമില്ല. സര്‍ക്കാര്‍ മേഖലയിലും, എയ്ഡഡ് മേഖലയിലും പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അധ്യാപക സംഘടനകളുടെ പ്രവര്‍ത്തനം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ഒരിക്കലും ബാധിക്കുന്നില്ല. എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്ക് ‘മാത്രം’ അംഗീകാരം നല്‍കാനുള്ള ആലോചന തികച്ചും തെറ്റാണ്. കെ.ഇ. ആര്‍ ചട്ടങ്ങളില്‍ തന്നെ ഭാഷാധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ ,പ്രധാനാധ്യപകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം സംഘടിക്കാനും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയതാണ്. ഈ വിഭാഗം അധ്യാപകരുടെ പ്രശ്‌നങ്ങളും, സാഹചര്യങ്ങളും വ്യതസ്തമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് എക്കാലത്തും സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുകയും, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും മുന്നില്‍ നിന്ന സംഘടനയാണ് കെ.എ.ടി.എഫ്. പിന്നാക്ക ന്യൂനപക്ഷ സമൂഹത്തെ പൊതുവിദ്യാദ്യാസത്തിലേക്ക് പൂര്‍ണ്ണമായും അടുപ്പിച്ചതിന് പിന്നില്‍ ഈ സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്ത് കാറ്റഗറി സംഘടനകളെ ഇല്ലാതാക്കാനുള്ള ശ്രമം കെ.എ.ടി.എഫ്‌നെ ഉള്‍പ്പെടെ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും”- കെഎടിഎഫ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
42 അധ്യാപക സംഘടനകള്‍ക്ക് നിലവില്‍ കേരള സര്‍ക്കാരിന്റെ അംഗീകാരമുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടേതിന് പുറമെ കുറഞ്ഞ അംഗങ്ങളുള്ള കാര്യമായ പ്രവര്‍ത്തനങ്ങളോ മറ്റോ നടക്കാത്ത കടലാസു സംഘടനകള്‍ക്കും ഈ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനാലാണ് ഇത്രയും അധ്യാപക സംഘടനകളുള്ളതെന്ന് ആരോപിക്കപ്പെടുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎ, കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ, മുസ്ലിം ലീഗിന്റെ കീഴിലുള്ള കെഎസ്ടിയു, ബിജെപിയെ പിന്തുണക്കുന്ന എന്‍ടിയു, സിപിഐയുടെ എകെഎസ്ടിയു മുതലായവ പ്രധാനപ്പെട്ട അധ്യാപക സംഘടനകളാണ്. ചില സംഘടനകള്‍ പാര്‍ട്ടികളുടെ ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വെച്ചവയുമുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനമോ ഇടപെടലോ അംഗബലമോ നോക്കി ക്രിയാത്മകമാണോ അല്ലയോ എന്നൊക്കെ മോണിറ്റര്‍ ചെയ്യുന്നതിന് പകരം കാര്യമാത്ര പ്രസക്തമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഇല്ലാതാക്കാനുള്ള ശ്രമം ദുഷ്ടലാക്കോടെയുള്ളതാണെന്നും ചില പ്രത്യേക അജണ്ടകള്‍ സെറ്റ് ചെയ്യാനാണെന്ന് സംശയിക്കുന്നതായും കാറ്റഗറൈസ്ഡ് സംഘടനകളുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.