കാസര്‍കോട്– പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ രാജപുരം എണ്ണപ്പാറ സര്‍ക്കാറി മൊയലോത്തെ ആദിവാസി പെണ്‍കുട്ടി എം.സി രേഷ്മയുടെ(17) തിരോധാനക്കേസില്‍ പ്രതി ബിജു പൗലോസിനെ പിടികൂടി. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് ബിജുവിന്റെ മൊഴിയുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്താത്തിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ കിട്ടിയ എല്ലിന്റെ ഭാഗം ഡി.എന്‍.എ പരിശോധനയില്‍ രേഷ്മയുടേതാണെന്ന് തെളിഞ്ഞ സ്ഥിതിക്കാണ് നടപടി.
ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പഠനം കഴിഞ്ഞ് ടി.ടി.സി പരിശീലത്തിനായി കാഞ്ഞങ്ങാട് നഗരത്തിലെത്തിയ രേഷ്മയെ 2010 ജൂണ്‍ 6നാണ് കാണാതാകുന്നത്. മകളുടെ തിരോധാനത്തെ സംബന്ധിച്ച് 2011 ജനുവരി 19ന് പിതാവ് എം.സി രാമന്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ശേഷം പോലീസ് അന്യേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.
പിന്നീട് 2021ല്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. അന്യേഷണത്തില്‍ തൃപ്തികരമല്ലാതത്തിനാല്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് കാണിച്ച് 2023ല്‍ ഹൈക്കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു. കോടതി പ്രത്യേക അന്യേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനാകാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടി വന്നു.
കുടുംബം വീണ്ടും കോടതിയില്‍ നല്‍കിയ പരാതിയില്‍ കേസ് ക്രൈം ബ്രാഞ്ചിന് വിടുകയും 2024 ഡിസംബര്‍ 9ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തു. തുടക്കം മുതലേ ബിജുവിനെ സംശയമുണ്ടായിരുന്നെങ്കിലും മൃതദേഹം കിട്ടാത്തതാണ് കേസിന് വെല്ലുവിളിയായി മാറിയത്. അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതും അന്യേഷണത്തെ പ്രതികൂലമായി ബാധിച്ചു.