കാസർകോട്: കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽവെച്ച് പ്രസവിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന് പിന്നാലെ, ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.
പെൺകുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ പോലീസിന് ഇതുവരെ വിശദമായ മൊഴി രേഖപ്പെടുത്താനായിട്ടില്ല. പീഡനത്തിന് ഉത്തരവാദിയായ പ്രതിയെ കണ്ടെത്താൻ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. പ്രതിയെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
സംഭവത്തിൽ പോലീസ് രഹസ്യമായി അന്വേഷണം തുടരുകയാണ്. കേസ് സങ്കീർണമായതിനാൽ, ഡിഎൻഎ പരിശോധന ഫലം നിർണായകമാകുമെന്ന് പോലീസ് വ്യക്തമാക്കി.