- നന്മയിൽ മുന്നിടാൻ ആഹ്വാനം ചെയ്ത് നേതാക്കൾ
കോഴിക്കോട്: സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഒരേ വേദി പങ്കിട്ടു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത തോട്ടുമുക്കത്ത് പുനർനിർമാണം പൂർത്തിയായ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനത്തിന് ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ഇരുനേതാക്കളും ഒരുമിച്ചത്.
അസർ നമസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയപ്പോൾ കൂട്ടുപ്രാർത്ഥനയ്ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും നേതൃത്വം നൽകിയാണ് വിശ്വാസികൾക്ക് ഒരുമയുടെയും ഭക്തിയുടെയും സന്ദേശം പകർന്നത്. നന്മനിറഞ്ഞ പ്രവർത്തനങ്ങളിൽ മുന്നിടാനും വിശുദ്ധ റമദാനെ സന്തോഷത്തോടെ വരവേൽക്കാനും ഇരുനേതാക്കളും ആഹ്വാനം ചെയ്തു.
ഉദ്ഘാടന ചടങ്ങിന് സാക്ഷികളാകാനും ഇരു നേതാക്കളെയും നേരിൽ കാണാനും നൂറുകണക്കിന് വിശ്വാസികൾ എത്തിയിരുന്നു. ചടങ്ങിൽ ഖത്തീബ് അബ്ദുല്ലത്തീഫ് ബാഖഫി കാവനൂരിനെ ഇരു നേതാക്കളും മെമന്റോ നൽകി ആദരിച്ചു. മഹല്ലിലെ സേവന പ്രവർത്തനങ്ങൾക്കായുള്ള ആംബുലൻസിന്റെ താക്കോൽദാനവും ഇരു നേതാക്കളും സംയുക്തമായി മഹല്ല് ഖത്തീബിന് കൈമാറി. ശേഷം തിരക്കുമൂലം പൊതുസമ്മേളനത്തിന് നിൽക്കാതെ ഇരു നേതാക്കളും മടങ്ങുകയായിരുന്നു.

1989-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പിളർപ്പിനുശേഷം പതിറ്റാണ്ടുകളായി ഇരു നേതാക്കളും ഇരു സുന്നി വിഭാഗങ്ങളുടെ നേതൃ നിരയിൽ പ്രവർത്തിച്ചുവരികയാണ്. പിളർപ്പിന് പിന്നാലെ ഇ.കെ അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സമസ്ത വിഭാഗം, മുസ്‌ലിം ലീഗുമായുള്ള ആദ്യകാല ബന്ധം പൂർവാധികം ശക്തമാക്കിയപ്പോൾ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം മാനസികമായി അകലുകയായിരുന്നു.
ഇത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ സി.പി.എം ശ്രമിച്ചതോടെ ഇടതുപക്ഷവുമായാണ് കാന്തപുരം വിഭാഗത്തിന് കൂടുതൽ ബന്ധം. എങ്കിലും സമൂഹത്തെയും സമുദായത്തെയും ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളിൽ ഇരുവിഭാഗവും മത-രാഷ്ട്രീയ കക്ഷി താൽപര്യങ്ങൾക്കപ്പുറം സമവായത്തിലും യോജിപ്പോടെയും പ്രവർത്തിച്ചുവരുന്നുണ്ട്.

അതിനിടെ, സുന്നി ഐക്യത്തിനായി സമീപകാലത്ത് ഇരു ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടായെങ്കിലും അന്തിമമായി ഫലം കണ്ടില്ല. എങ്കിലും മുമ്പത്തെ അപേക്ഷിച്ച് അന്ധമായ പിടിവാശിക്കും കക്ഷിത്വങ്ങൾക്കുമപ്പുറം കാലഘട്ടത്തിന്റെ ആവശ്യകതയും സമൂഹത്തിന്റെ നന്മയും ലക്ഷ്യമാക്കി ഇരു നേതൃത്വവും അണികളും ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കി വരികയാണ്. അതിലേക്ക് കൂടുതൽ ശക്തി പകരുന്നതാണ് തോട്ടമുക്കത്തെ ഇരു നേതാക്കളുടെയും ഒത്തുചേരലെന്നാണ് വിലയിരുത്തൽ.